14 December Saturday

ഫെർട്ടിലിറ്റി നിരക്ക് കുറയുന്നു; ജപ്പാനിൽ ജീവനക്കാർക്ക് ആഴ്ചയിൽ 4 ദിവസം മാത്രം ജോലി

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024

ടോക്യോ > ജപ്പാനിൽ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതിനാൽ ജോലി ചെയ്യുന്ന അമ്മമാരെ പിന്തുണയ്ക്കുന്നതിനായി 2025 ഏപ്രിൽ മുതൽ സർക്കാർ ജീവനക്കാർക്കായി പുതിയ നിയമവുമായ ജപ്പാൻ സർക്കാർ. പുതിയ നിയമമനുസരിച്ച്‌ ആഴ്‌ചയിൽ നാല് ദിവസമായിരിക്കും പ്രവൃത്തി ദിവസമെന്ന്‌ അധികൃതർ പ്രഖ്യാപിച്ചു.

സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധിയെടുക്കാൻ പുതിയ പദ്ധതി പ്രകാരം കഴിയും. പ്രസവം അല്ലെങ്കിൽ ശിശുപരിപാലനം മൂലം ആർക്കും അവരുടെ ജോലി ഉപേക്ഷിക്കേണ്ടതില്ലെന്ന് ഉറപ്പാക്കുമെന്ന്‌ ടോക്കിയോ ഗവർണർ യൂറിക്കോ കൊയ്‌കെ പറഞ്ഞു.

ജപ്പാനിലെ ഫെർട്ടിലിറ്റി നിരക്ക് ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. 2023 ൽ 1.2 ആണ്‌ നിരക്ക്‌. ജനസംഖ്യ സ്ഥിരതയ്ക്ക് ആവശ്യമായ 2.1 ലെവലിൽ നിന്ന് വളരെ താഴെയാണ് ഇത്‌. ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 7,27,277 ജനനങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്.

ജപ്പാനിലെ ജനസംഖ്യാ പ്രതിസന്ധിക്ക് കാരണം കഠിനമായ തൊഴിൽ സംസ്കാരം, ഉയർന്ന ജീവിതച്ചെലവ്, ജോലി ചെയ്യുന്ന മാതാപിതാക്കൾക്കുള്ള പരിമിതമായ പിന്തുണ എന്നിവയാണ് എന്നാണ്‌ സാമൂഹ്യശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. നീണ്ട മണിക്കൂറുകളോളമുള്ള അമിത ജോലി മൂലമുള്ള ബുദ്ധിമുട്ടുകൾ ജപ്പാനിലെ ജനനനിരക്കിനെ ബാധിച്ചു. ഇത്‌ കുടുംബജീവിതം  തുടങ്ങുന്നതിൽ നിന്ന് യുവാക്കളെ നിരുത്സാഹപ്പെടുത്തുന്നതായും പഠനങ്ങൾ പറയുന്നു.

തൊഴിൽ സമയം കുറച്ചത്‌ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയും ക്ഷേമവും വർദ്ധിപ്പിക്കുന്നതായും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ജപ്പാനിൽ വയോജനങ്ങളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 65 വയസിന്‌ മുകളിൽ 36.25 ദശലക്ഷത്തോളം പേരാണ്‌ ജപ്പാനിൽ ഉള്ളതെന്ന്‌ ഗവൺമെന്റ്‌ കണക്കുകൾ. ജപ്പാനിലെ മൊത്തം ജനസംഖ്യയുടെ 29.3 ശതമാനവും ഇപ്പോൾ പ്രായമായവരാണ്‌

ജപ്പാനു പുറമേ സിംഗപ്പൂർ അടക്കമുള്ള പല ഏഷ്യൻ രാജ്യങ്ങളും കുടുംബ സൗഹൃദ നയങ്ങൾ സ്വീകരിച്ചിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top