ജെറുസലേം> ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരായി ബെയ്‌റൂട്ടിൽ വ്യാഴാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ആറ് പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സെൻട്രൽ ബെയ്‌റൂട്ടിലെ പാർലമെന്റിന് സമീപമുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ഇസ്രയേലിനുനേരെയുണ്ടായ ആക്രമണത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്‌ച ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് അതിർത്തി കടന്ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ സേനാ ക്യാപ്റ്റൻ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ തെക്കും മധ്യഭാഗത്തുമായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ നടക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ജി 7 രാഷ്ട്രങ്ങൾ ഉത്കണ്ഠ പ്രകടിപ്പിച്ചു. പശ്ചിമേഷ്യയിൽ നയതന്ത്ര പരിഹാരം ഇപ്പോഴും പ്രായോഗികമാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..