27 December Friday

വധശിക്ഷ കാത്തുകിടന്ന് 58 വർഷം, ഒടുവിൽ കുറ്റവിമുക്തൻ; മാപ്പ് അപേക്ഷിച്ച് പൊലീസ് മേധാവി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

ടോക്കിയോ > ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 60 വർഷത്തോളം ജയിലിൽ കിടന്നയാൾക്ക് മോചനം. ജപ്പാനിലാണ് സംഭവം. ജയിൽ മോചിതനായ 88കാരൻ ഇവാവോ ഹകമാഡയോട് ജാപ്പനീസ് പൊലീസ് മേധാവി വീട്ടിലെത്തി ക്ഷമാപണം നടത്തി. വധശിക്ഷക്ക് വിധിക്കപ്പെട്ട് ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജയിലിൽ കഴിഞ്ഞയാളാണ് മുൻ ബോക്‌സർ കൂടിയായ ഇവാവോ ഹകമാഡ. 91 വയസുള്ള സഹോദരി ഹിഡെക്കോ ഹകമാഡയാണ് ഇവാവോയുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി ഒപ്പമുണ്ടായിരുന്നത്.

1966ൽ ഹമാമത്സുവിലെ ഒരു കമ്പനിയിലെ എക്‌സിക്യൂട്ടീവിനെയും മൂന്ന് കുടുംബാം​ഗങ്ങളെയും കൊലപ്പെടുത്തിയ കേസിലാണ് ഇവാവോ ഹകമാഡ അറസ്റ്റിലാകുന്നത്. 1968ൽ ജില്ലാ കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. പുനരന്വേഷണത്തിനായി സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ വിധികാത്തുകിടന്നത് 30 വർഷമാണ്. എന്നാൽ അപ്പീൽ കോടതി തള്ളി. 2008ൽ സഹോദരി വിണ്ടും അപ്പീൽ നൽകി. 2014ൽ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. രാജ്യത്ത് പുനർവിചാരണയിൽ കുറ്റവിമുക്തനാക്കപ്പെടുന്ന അഞ്ചാമത്തെ വധശിക്ഷാ തടവുകാരനാണ് ഇവാവോ ഹകമാഡ. ജപ്പാനിൽ ക്രിമിനൽ വിചാരണകൾക്ക് വർഷങ്ങളെടുക്കും. വളരെ അപൂർവമായി മാത്രമാണ് പുനർവിചാരണകൾ ഉണ്ടാകുന്നത്.

നിരപരാധിത്വം തെളിയിക്കാനുള്ള തന്റെ 60 വർഷത്തെ നിയമ പോരാട്ടം ഫലം കണ്ടെന്ന് ഇവാവോ ഹകമാഡ പ്രതികരിച്ചു. പൊലീസും പ്രോസിക്യൂട്ടർമാരും തനിക്കെതിരെ തെളിവുകൾ കെട്ടിച്ചമയ്ക്കാനും സ്ഥാപിക്കാനും ശ്രമിച്ചുവെന്നും മണിക്കൂറുകളോളം നീണ്ട ക്രൂരമായ ചോദ്യം ചെയ്യലിലൂടെ കുറ്റസമ്മതം നടത്താൻ നിർബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് മേധാവി തകയോഷി സുഡ തിങ്കളാഴ്ച അദ്ദേഹത്തിന്റെ വസതിയിലെത്തി നേരിട്ട് കണ്ടാണ് വ്യക്തിപരമായി ക്ഷമാപണം നടത്തുന്നുവെന്ന് പറഞ്ഞത്. അറസ്റ്റിന്റെ സമയം മുതൽ 58 വർഷത്തോളം കടുത്ത മാനസിക സമ്മർദവും വിഷമവും ഉണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്ന് പൊലീസ് മേധാവി പറഞ്ഞു. പൊലീസിന് പറ്റിയ സംബന്ധിച്ച് സുതാര്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top