05 November Tuesday

അഫ്ഗാന്‍ ജനത വീണ്ടും ഇരുണ്ടകാലത്തേക്ക്; ഭീകരര്‍ക്ക് കളമൊരുക്കി കൈകഴുകി അമേരിക്ക

എ ശ്യാംUpdated: Monday Aug 16, 2021

പ്രാകൃത വിശ്വാസങ്ങൾ വച്ചുപുലർത്തുന്ന താലിബാൻ ഭീകരർക്ക്‌ അധികാരത്തിലേക്ക്‌ വഴിതുറന്നാണ്‌ 2020 ഫെബ്രുവരിയിൽ അമേരിക്കയിലെ  ട്രംപ്‌ സർക്കാർ അവരുമായി ദോഹയിൽ കരാറിലെത്തിയത്‌. ഒന്നരവർഷം തികയുംമുമ്പ്‌ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തിരിക്കുന്നു. അമേരിക്ക അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ സേനാ പിന്മാറ്റം ആരംഭിച്ച മേയ്‌ അവസാനത്തോടെ പ്രദേശങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തുതുടങ്ങിയ താലിബാനു മുന്നിൽ തലസ്ഥാനമായ കാബൂളും വീണിരിക്കുന്നു.

തീവ്ര ഇസ്ലാമിക മതമൗലികവാദികളായ താലിബാന്റെ ഭീകരവാഴ്‌ച ഒരിക്കൽ അനുഭവിച്ച അഫ്‌ഗാൻ ജനത വീണ്ടും ഇരുണ്ടകാലത്തേക്ക്‌ തള്ളപ്പെടുന്നതിന്റെ ആശങ്കയിലാണ്‌. 1996 മുതൽ 2001 വരെ അഫ്‌ഗാനിസ്ഥാൻ ഭരിച്ച താലിബാൻ സർക്കാരിനെ അമേരിക്കയുടെ ഉറച്ച സഖ്യരാഷ്ട്രങ്ങളായ സൗദി അറേബ്യയും യുഎഇയും പാകിസ്ഥാനും മാത്രമാണ്‌ അംഗീകരിച്ചിരുന്നത്‌. അഫ്‌ഗാൻ ജനതയെ വീണ്ടും ദുരന്തത്തിലേക്ക്‌ തള്ളിയിട്ട്‌ അമേരിക്ക കൈകഴുകുമ്പോൾ ലോകം നിസ്സംഗമാണ്‌. ആ വേദന പ്രതിഫലിപ്പിക്കുന്നതാണ്‌ കഴിഞ്ഞദിവസം അഫ്‌ഗാൻ ചലച്ചിത്രകാരി സഹ്‌റാ കരിമി ലോകത്തോട്‌ നടത്തിയ അഭ്യർഥന.

സോവിയറ്റ്‌ യൂണിയനും സോഷ്യലിസ്റ്റ്‌ ചേരിക്കുമെതിരെ അമേരിക്ക നടത്തിയ ശീതയുദ്ധത്തിന്റെ സന്തതിയാണ്‌ താലിബാൻ. 1978ൽ അഫ്‌ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയ പീപ്പിൾസ്‌ ഡെമോക്രാറ്റിക്‌ പാർടിയുടെ (പിഡിപി) സോഷ്യലിസ്റ്റ്‌ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക പണവും ആയുധവും ഒഴുക്കി സംഘടിപ്പിച്ച മുജാഹിദീനുകളിൽനിന്നാണ്‌ താലിബാന്റെ പിറവി. ഗോത്രത്തലവന്മാരും ഫ്യൂഡൽ മാടമ്പിമാരും ആധിപത്യം പുലർത്തിയിരുന്ന രാജ്യത്തെ, ആധുനിക മതേതര  സോഷ്യലിസ്റ്റ്‌ രാജ്യമാക്കാൻ പിഡിപി സർക്കാർ നടത്തിയ ശ്രമങ്ങളിൽ രോഷംപൂണ്ട പിന്തിരിപ്പന്മാരെ അമേരിക്ക ആയുധമാക്കുകയായിരുന്നു.

പിഡിപി സർക്കാരുമായുള്ള കരാറനുസരിച്ച്‌ എത്തിയിരുന്ന സോവിയറ്റ്‌ സേന 1989ൽ അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ പിൻവാങ്ങാൻ നിർബന്ധിതമായി. മൂന്നുവർഷം തികയുംമുമ്പ്‌ സോഷ്യലിസ്റ്റ്‌ പ്രസിഡന്റ്‌ ഡോ. മുഹമ്മദ്‌ നജിബുള്ള അട്ടിമറിക്കപ്പെട്ടു. തുടർന്ന്‌ മുജാഹിദീനുകൾ അധികാരത്തിലെത്തിയതും അവർക്കിടയിലെ തമ്മിലടിക്കിടെ പാകിസ്ഥാന്റെ സഹായത്തോടെ താലിബാൻ അധികാരം പിടിച്ചതും ചരിത്രം.

സോഷ്യലിസ്റ്റ്‌ സർക്കാരിൽ വിദ്യാഭ്യാസമന്ത്രിവരെയായി ഉയർന്ന സ്‌ത്രീകൾ താലിബാൻഭരണത്തിൽ വെറും അടിമകളായി. അവർക്ക്‌ ഒരുവിധ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല. പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസം വിലക്കിയ താലിബാൻ 12 വയസ്സ്‌ കഴിഞ്ഞാൽ പെൺകുട്ടികൾ ഒറ്റയ്‌ക്ക്‌ പുറത്തിറങ്ങരുതെന്ന്‌ നിഷ്‌കർഷിച്ചിരുന്നു. വനിതകൾ ജോലിക്ക്‌ പോകുന്നത്‌ തടഞ്ഞു. നിരവധി സ്‌കൂളുകളും തിയറ്ററുകളും കലാകേന്ദ്രങ്ങളും തകർത്തു. അഫ്‌ഗാനിസ്ഥാന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ശേഷിപ്പുകളായി നൂറ്റാണ്ടുകളോളം ബാമിയാനിൽ നിലകൊണ്ട കൂറ്റൻ ബുദ്ധസ്‌തൂപങ്ങൾ ഡൈനാമിറ്റ്‌ വച്ച്‌ തകർത്തതും ലോകം വേദനയോടെ കണ്ടു. മാറിയ താലിബാനാണ്‌ ഇപ്പോഴുള്ളത്‌ എന്ന്‌ അവർ അവകാശപ്പെടുന്നുണ്ടെങ്കിലും ഒരുമാറ്റവുമില്ല എന്നാണ്‌ അവിടെനിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്‌. പഴയ ഇരുണ്ടകാലത്തേക്കാണ്‌ ആ രാജ്യം വീണ്ടും പതിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top