25 November Monday

ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ ബ്രെയ്‌റ്റൻ ബ്രെയ്‌റ്റൻബാക്ക്‌ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

photo credit:X

ജോഹന്നാസ്ബർഗ് > വർണവിവേചനത്തിനെതിരെ ശബ്ദമുയർത്തിയ  ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനും  കവിയും ചിത്രകാരനുമായ  ബ്രെയ്‌റ്റൻ ബ്രെയ്‌റ്റൻബാക്ക്‌(85)അന്തരിച്ചു. പാരീസിൽവെച്ചായിരുന്നു മരണം.  സാഹിത്യകാരൻ, ആക്ടിവിസ്റ്റ്‌, ചിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ദേയനായരുന്നു  ബ്രെയ്‌റ്റൻബാക്ക്‌.   ഞായറാഴ്‌ചയായിരുന്നു അന്ത്യം.

വർണ്ണവിവേചനത്തിനെതിരായ ശബ്ദമുയർത്തിയിരുന്ന  ബ്രെറ്റൻബാക്ക്‌  തന്റെ 21ാം വയസിൽ  ആഫ്രിക്കയിൽ നിന്ന്‌ യൂറോപ്പിലേക്ക്‌ പോയി. അവിടെ പാരീസിൽ സ്ഥിരതാമസമാക്കി.  അവിടെവെച്ച്‌  ബ്രെറ്റൻബാക്ക്‌ ഭാര്യ യോലാൻഡെ എൻഗോ തി ഹോങ് ലിയനെ കണ്ടുമുട്ടി. പിന്നീട് 1975ൽ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും നീണ്ട 7 വർഷത്തോളം ജയിലിൽ അടക്കുകയും ചെയ്‌തു.  ബ്രെയ്‌റ്റൻബാക്കിന്‌ നേരെ വർണ്ണവിവേചന ഭരണത്തെ ചെറുത്ത നെൽസൺ മണ്ടേലയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെ  പിന്തുണച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു.  ഈ സമയത്താണ് അദ്ദേഹം ' ദി ട്രൂ കൺഫെഷൻസ് ഓഫ് ആൻ ആൽബിനോ ടെററിസ്റ്റ്' എന്ന പുസ്‌തകം എഴുതിയത്. പിന്നീട്‌ 1982-ൽ മോചിതനായി.  തുടർന്ന്‌ പാരീസിൽ നിന്ന് അദ്ദേഹം വർണവിവേചനത്തിനെതിരെ  തന്റെ പ്രവർത്തനങ്ങൾ തുടർന്നു.


50ലധികം പുസ്തകങ്ങൾ ബ്രെയ്‌റ്റൻബാക്ക്‌ രചിച്ചിട്ടുണ്ട്‌.  1982-ൽ ഡച്ച് സാഹിത്യത്തിനുള്ള വാൻ ഡെർ ഹൂഗ്റ്റ് അവാർഡ്‌, 1986ൽ  റാപ്പോർട്ട് ലിറ്ററേച്ചർ പ്രൈസ്, ഫ്രഞ്ച് സർക്കാരിന്റെ   ഏറ്റവും പ്രധാനപ്പെട്ട കലാ ബഹുമതിയായ ഷെവലിയർ ഡെസ് ആർട്സ് എറ്റ് ഡെസ് ലെറ്റേഴ്സ്‌,  ദി ആനിസ്ഫീൽഡ്-വുൾഫ് ബുക്ക് അവാർഡ്, സാഹിത്യത്തിനുള്ള അലൻ പാറ്റൺ അവാർഡ്,  മഹ്മൂദ് ഡാർവിഷ് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌.

കവിത, നോവലുകൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ  സൃഷ്‌ടികൾ ദക്ഷിണാഫ്രിക്കയെ മാത്രമല്ല അന്തർദേശീയ സാഹിത്യ-കലാ സമൂഹങ്ങളെ ആഴത്തിൽ സ്വാധീനിച്ചു.  പ്രവാസം, സ്വത്വം, നീതി എന്നിവയായിരുന്നു ബ്രെയ്‌റ്റൻബാക്കിന്റെ കലാസൃഷ്‌ടികളിൽ പ്രതിഫലിച്ചിരുന്നത്‌.

1939ൽ ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ്പിലാണ്‌ ബ്രെയ്‌റ്റൻബാക്കിന്റെ ജനനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top