കൊളംബോ
ഭക്ഷണത്തിനും കുടിവെള്ളത്തിനും ഇന്ധനത്തിനുമായി മണിക്കൂറുകളോളം പൊരിവെയിലിൽ വരിനിന്ന ജനതയാണ് ശ്രീലങ്കയിൽ മാറ്റത്തിനുവേണ്ടി ഒരിക്കൽക്കൂടി വിധിയെഴുതിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും ദേശീയ ജനശക്തി മുന്നണി (എൻപിപി) എന്ന ഇടതുപക്ഷ സഖ്യത്തിന് അവർ പിന്തുണ ആവർത്തിച്ചു. ദുരിതക്കയത്തിൽനിന്നും കടക്കെണിയിൽനിന്നും രക്ഷപ്പെടണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് വീണ്ടും പ്രതിഫലിച്ചത്. പാർലമെന്റിലെ മൂന്ന് സീറ്റിൽനിന്ന് 159 സീറ്റിലേക്കുള്ള കുതിപ്പ് ജനങ്ങൾക്കൊപ്പംനിന്ന രാഷ്‌ട്രീയ നയസമീപനത്തിനുള്ള അംഗീകാരവുമായി.
നവഉദാര സാമ്പത്തിക നയങ്ങൾ തകർത്ത ശ്രീലങ്കയിൽ രണ്ടുവർഷം മുമ്പുണ്ടായ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാർക്‌സിസം ലെനിനിസം പ്രത്യയശാസ്‌ത്രമായി സ്വീകരിച്ച ജനതാ വിമുക്തി പെരമുന (ജനകീയ വിമോചന മുന്നണി)യുടെ നായകനായ അനുര കുമാര ദിസനായകെ ദേശീയരാഷ്‌ട്രീയത്തിൽ സ്ഥാനമുറപ്പിച്ചത്. രജപക്‌സെ സഹോദരന്മാരുടെ സ്വേഛാധിപത്യവാഴ്‌ചയ്ക്ക് അന്ത്യം കുറിച്ച പ്രക്ഷോഭത്തിന് പിന്നിൽ അണിനിരന്ന യുവത ദിസനായകെയിലും ഇടതുപക്ഷത്തിലുമാണ് രാജ്യത്തിന്റെ ഭാവി കാണുന്നത് എന്ന് പാർലമെന്റ തെരഞ്ഞെടുപ്പ് ഫലവും ആവർത്തിച്ച് വ്യക്തമാക്കുന്നു.
അസമത്വവും അഴിമതിയും അവസാനിപ്പിക്കും എന്ന മുദ്രാവാക്യമുയർത്തിയാണ് ദിസനായകെയുടെ നേതൃത്വത്തിലുള്ള എൻപിപി ജനവിധി തേടിയത്. ശ്രീലങ്കയെ ദാരിദ്ര്യത്തിലേക്കും കടക്കെണിയിലേക്കും തള്ളിവിട്ട വലതുപക്ഷ സാമ്പത്തിക നയങ്ങളിൽ മാറ്റംവരുത്തുമെന്നും വ്യക്തമാക്കി. ഐഎംഎഫ് അടക്കമുള്ള ഏജൻസികളുടെ ചെലവുചുരുക്കൽ നിർദേശങ്ങൾ അതേപടി നടപ്പാക്കില്ലെന്ന ജെവിപിയുടെ നിലപാട് വോട്ടർമാരെ ആകർഷിക്കുകയുംചെയ്‌തു. വംശീയതയുടെ പേരിൽ ഭിന്നിപ്പിക്കാതെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പറഞ്ഞ് അവർക്കൊപ്പംനിന്നപ്പോൾ തമിഴ്, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെല്ലാം എൻപിപിക്ക് പിന്തുണ നൽകി.
നവോത്ഥാനത്തിന് നൽകിയ വോട്ട്:
ദിസനായകെ
പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൻപിപിക്ക് വൻ ഭൂരിപക്ഷം നൽകിയ ശ്രീലങ്കൻ ജനതയ്‌ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ നവോത്ഥാനത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണിത്. തന്റെ സര്‍ക്കാരിന്റെ 50 ദിവസത്തെ പ്രവർത്തനങ്ങളെ ജനങ്ങൾ ഉൾക്കൊണ്ടതിൽ സന്തോഷമുണ്ടെന്നും ദിസനായകെ പറഞ്ഞു. ജനവിധി നൽകുന്ന ഉത്തരവാദിത്വം തിരിച്ചറിയുന്നുവെന്നും ജനതാൽപര്യം മുറുകെപ്പിടിച്ച് തുടർന്നും പ്രവർത്തിക്കുമെന്നും ജനതാ വിമുക്തി പെരമുന നേതാവ് ടിൽവിൻ സിൽവ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..