21 December Saturday

ട്രംപിനുനേരെ വധശ്രമം ; പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024


വാഷിങ്‌ടൺ
അമേരിക്കൻ മുൻപ്രസിഡന്റും നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായ ഡോണൾഡ്‌ ട്രംപിനുനേരെ വീണ്ടും വധശ്രമം. സംഭവത്തിൽ റയാൻ വെസ്ലി റൗത്ത്‌ എന്ന അമ്പത്തെട്ടുകാരനെ കസ്റ്റഡിയിലെടുത്തു.  ഞായറാഴ്‌ച  ഫ്ലോറിഡയിലെ പാം ബീച്ചിൽ സ്വന്തം ഉടമസ്ഥതയിലുള്ള ക്ലബിൽ  ഗോൾഫ്‌ കളിച്ചുകൊണ്ടിരുന്ന ട്രംപിനുനേരെ റൗത്ത്‌ വെടിവയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ഗോൾഫ്‌ ക്ലബിന്‌ സമീപത്തെ വേലിയ്ക്കിടയിലൂടെ തോക്കിന്റെ കുഴൽ കടത്തി ഉന്നംപിടിക്കാൻ ശ്രമിച്ച ഇയാളെ ട്രംപിനൊപ്പമുണ്ടായിരുന്ന അംഗരക്ഷകർ കണ്ടു. ഇവർ വെടിയുതിർത്തതോടെ കൈയിലുണ്ടായിരുന്ന എകെ 47 തോക്ക്‌ ഉപേക്ഷിച്ച്‌ റൗത്ത്‌ രക്ഷപ്പെട്ടെങ്കിലും പൊലീസ്‌ പിന്തുടർന്ന്‌ പിടികൂടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

ഹവായിയിലെ ഒരു ചെറുകിട കെട്ടിടനിർമാണക്കമ്പനിയുടെ ഉടമയായ റൗത്ത്‌ ഡെമൊക്രാറ്റിക്‌ പാർടിക്ക്‌ സംഭാവനകൾ നൽകിയിരുന്നു. ട്രംപിന്റെ കടുത്ത വിമർശകനായ ഇയാൾ അനേകം ക്രിമിനൽ കേസുകളിലും പ്രതിയാണ്‌. സംഭവത്തെ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനും ഡെമൊക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാർഥി കമലാ ഹാരിസും അപലപിച്ചു. ജൂലൈയിൽ പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പുറാലിയിൽ ആക്രമിയുടെ വെടിയേറ്റ്‌ ട്രംപിന്റെ വലതുചെവിക്ക്‌ പരിക്കേറ്റിരുന്നു.

ആരാണ്‌ റയാൻ വെസ്ലി റൗത്ത്‌?

ന്യൂ യോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ചെയ്യുന്നതനുസരിച്ച്‌ നോർത്ത്‌ കരോലിന ഗ്രീൻസ്‌ബോറോയിൽ നിന്നുള്ള പഴയൊരു നിർമാണ തൊഴിലാളിയാണ്‌ റയാൻ വെസ്ലി റൗത്ത്‌. സൈനിക പശ്ചാത്തലമൊന്നുമില്ലെങ്കിലും റഷ്യ-ഉക്രൈൻ യുദ്ധത്തിന്‌ വേണ്ടി ശക്തമായ വാദങ്ങളുയർത്തുന്ന ആളാണ്‌ റൗത്ത്‌. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ റൗത്ത്‌ ഈ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top