ന്യൂയോർക്ക് > റിപ്പബ്ലിക്കൻ പാർടി നേതാവ് ഡോണൾഡ് ട്രംപിനെ വധിക്കുവാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാൻ പൗരൻ ആസിഫ് മർച്ചന്റിനെ പ്രതിയാക്കി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ ചാർജ് ഷീറ്റ്. ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ ഇറാൻ റവലൂഷ്യണറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തിരുന്നു. ഇക്കാരാണത്താലാണ് ട്രംപിനെ വധിക്കാൻ ലക്ഷ്യമിട്ടതെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക് ഗർലന്റ് ആരോപിച്ചു. എന്നാൽ ആസിഫ് മർച്ചന്റിന്റെ പേര് അറ്റോർണി ജനറൽ പരാമർശിച്ചില്ല.
സർക്കാർ ഉദ്യോഗസ്ഥരെയോ രാഷ്ട്രീയ നേതാക്കളെയോ വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ ആസിഫ് ആണെന്നാരോപിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാൻ പിന്തുണയോടെ ഇറാനു വേണ്ടി ചാരപ്രവർത്തനം നടത്തി എന്നാണ് കേസ്. വിദേശയാത്രക്കൊരുങ്ങിയ ഇയാളെ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. മാത്രമല്ല തന്നെ വധിക്കാൻ ശ്രമിച്ച പദ്ധതിയിൽ ആസിഫ് മർച്ചന്റ് പങ്കാളിയാണെന്ന് ട്രംപ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ആസിഫ് മർച്ചന്റിനെ പ്രതിയാക്കിയത്.
ആരാണ് ആസിഫ് മർച്ചന്റ് ?
∙ കോടതി രേഖകൾ പ്രകാരം ആസിഫ് പാക്കിസ്ഥാൻ പൗരനാണ്.
∙ 1978ൽ കറാച്ചിയിൽ ജനിച്ചു എന്നാണ് വലതുപക്ഷ അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.
∙ ആസിഫിന് ഇറാനിലും പാക്കിസ്ഥാനിലും ഭാര്യമാരും കുട്ടികളും ഉണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കുന്നു.
∙ ഇറാൻ,ഇറാഖ്,സിറിയ എന്നീ രാജ്യങ്ങളിൽ ഇയാൾ നിരന്തരം യാത്രകൾ നടത്തുന്നു എന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.
∙ വധിക്കാൻ ഉന്നമിട്ട വ്യക്തികളുടെ വീട്ടിൽനിന്ന് രേഖകളും യുഎസ്ബി ഡ്രൈവുകളും മോഷ്ടിക്കാനും രാഷ്ട്രീയ റാലികളിൽ പ്രതിഷേധിക്കാനും സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ആസിഫ് സമീപിച്ചയാളുടെ മൊഴിയിലാണ് അറസ്റ്റ് ചെയ്തത്.
∙ ആരോപണങ്ങളും സംശയങ്ങളും അല്ലാതെ നിലവിൽ ആസിഫ് മർച്ചന്റിനെതിരെ തെളിവുകളൊന്നും ലഭ്യമായിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..