22 November Friday

ചൈനയിൽ പ്രളയം, മുപ്പതോളം പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ബീജിങ് > ചൈനയുടെ വിവിധ ഭാ​ഗങ്ങളിൽ ഉണ്ടായ പ്രളയത്തിൽ മുപ്പതോളം പേർ മരിച്ചു. നിരവധി ആളുകളെ കാണാതാവുകയും ചെയ്തതായി ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ചയായി രാജ്യത്തുടനീളം കനത്ത മഴയാണ്.

വടക്കുപടിഞ്ഞാറൻ ഷാങ്‌സി പ്രവിശ്യയിൽ വെള്ളിയാഴ്ച വൈകിട്ട് പാലം തകർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞു. 12 പേർ മരിക്കുകയും 30 ലധികം പേരെ കാണാതാവുകയും ചെയ്‌തതായി ദേശീയ വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ഷാംഗ്ലൂ ന​ഗരത്തിലെ ഷാഷുയി കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന പാലമാണ് തകർന്നത്. 17 കാറുകളും എട്ട് ട്രക്കുകളും നദിയിൽ വീണതായാണ് റിപ്പോർട്ട്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അറിയിച്ചു.

തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലെ യാൻ പട്ടണത്തിൽ ശനിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടർന്ന്  പ്രളയമുണ്ടായി. 30ലധികം പേരെ കാണാതായതായി സിൻഹുവ റിപ്പോർട്ട് ചെയ്തു. എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. നാല് പേരെ രക്ഷപെടുത്തി. ഷാങ്‌സിയിലെ ബാവോജി നഗരത്തിൽ അഞ്ച് പേർ മരിക്കുകയും എട്ട് പേരെ കാണാതാവുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അർദ്ധ മരുഭൂമി പ്രവിശ്യയായ ഗാൻസുവിലും മധ്യ ചൈനയിലെ ഹെനാനിലും മഴയെ തുടർന്ന്  കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഹെനാനിലെ നന്യാങ് നഗരത്തിൽ ആഴ്ചയുടെ തുടക്കത്തിൽ ഒരു വർഷത്തേതിന് തുല്യമായ മഴ പെയ്തതായാണ് റിപ്പോർട്ട്. സിചുവാൻ പ്രവിശ്യയിൽ വെള്ളിയാഴ്ച രണ്ട് പേർ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top