ധാക്ക
സർക്കാരിന്റെ പതനത്തോടെ ക്രമസമാധാനം പൂർണമായും തകർന്ന ബംഗ്ലാദേശിൽ പൊലീസ് സ്‌റ്റേഷനുകൾ വീണ്ടും തുറന്നു. ആക്രമണം ഭയന്ന്, സൈന്യത്തിന്റെ സഹായത്തോടെയാണ് 29 സ്‌റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിച്ചത്. കൂട്ടമായി അവധിയെടുത്ത ഉദ്യോഗസ്ഥർ ജോലിക്കെത്തിത്തുടങ്ങിയതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഷെയ്‌ഖ് ഹസീന രാജിവച്ചതിനുശേഷം പൊലീസുകാരടക്കം 560 പേർ കൊല്ലപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ അക്രമം തുടരുന്നുണ്ട്. അതിനിടെ, ജമൽപുർ ജില്ലാ ജയിലിൽ തടവുകാർ സൃഷ്ടിച്ച കലാപത്തിൽ ആറുപേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. മൊഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വ്യാഴാഴ്ച അധികാരമേറ്റിരുന്നു.
യൂനുസിന് 27 വകുപ്പ്
ഇടക്കാല സർക്കാരിൽ വകുപ്പു വിഭജനം പൂർത്തിയായി. മുഖ്യ ഉപദേഷ്ടാവായ മൊഹമ്മദ് യൂനുസിന് പ്രതിരോധം, പൊതുഭരണം ഉൾപ്പെടെ 27 വകുപ്പിന്റെ ചുമതലയുണ്ട്. നയതന്ത്രജ്ഞൻ മൊഹമ്മദ് തൗഹിദ് ഹൊസൈനാണ് വിദേശ വകുപ്പിനെ നയിക്കുക. വമ്പൻ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മൊഹമ്മദ് തൗഹിദ് ഹൊസൈൻ പറഞ്ഞു.
മുൻ ആർമി ജനറൽ സഖാവത് ഹൊസൈനാണ് ആഭ്യന്തര വകുപ്പ്. ഇടക്കാല സർക്കാരിന്റെ രൂപീകരണത്തെ അമേരിക്കയും ചൈനയും സ്വാഗതം ചെയ്തി
രുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെറിഫ് എന്നിവരും അഭിനന്ദനം അറിയിച്ചു.
അതിർത്തി
നിരീക്ഷിക്കാൻ
5 അംഗ സമിതി
ഇന്ത്യ–-ബംഗ്ലാദേശ് അതിർത്തി സാഹചര്യം നിരീക്ഷിക്കാൻ അഞ്ചംഗ സമിതിയെ നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബിഎസ്‌എഫ് കിഴക്കൻ കമാൻഡ് എഡിജിയുടെ നേതൃത്വത്തിലാണ് സമിതി. ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും സമിതിയുടെ പരിഗണനയിലായിരിക്കും.
17 അംഗ കൗൺസിലിൽ ന്യൂനപക്ഷ പ്രാതിനിധ്യവും
ബംഗ്ലാദേശിൽ വ്യാഴാഴ്ച അധികാരമേറ്റ ഇടക്കാല സർക്കാരിൽ രണ്ട് ന്യൂനപക്ഷ പ്രതിനിധകളും. മൊഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള 17 അംഗ ഉപദേശക കൗൺസിലിൽ ഒരാൾ രാജ്യത്തെ ന്യുനപക്ഷമായ ഹിന്ദു സമുദായത്തിൽപ്പെട്ടയാളാണ്–- മനോരോഗ വിദഗ്‌ധനായ ബിധൻ രഞ്ജൻ റോയി. മുൻ നയതന്ത്രജ്ഞൻ സുപ്രദീപ് ചക്‌മയാണ് തദ്ദേശീയ വിഭാഗത്തിന്റെ പ്രതിനിധി.- വിദ്യാർഥി പ്രക്ഷോഭത്തെ നയിച്ച നഹിദ് ഇസ്ലാം, ആസിഫ് മഹ്‌മൂദ് എന്നിവരും കൗൺസിലിൽ ഇടംപിടിച്ചു. വനിതകളും എഴുത്തുകാരും സാമ്പത്തിക വിദഗ്‌ധരും ബാങ്കിങ്, നയതന്ത്ര, സൈനിക മേഖലകളിൽനിന്നുള്ളവരുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..