ധാക്ക
ഷെയ്‌ഖ് ഹസീനയുടെ രാജിയെ തുടർന്ന് ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ പ്രതിഷേധം. ധാക്കയിലും വടക്കുകിഴക്കൻ തുറമുഖ നഗരമായ ചറ്റഗ്രാമിലുമാണ് നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചത്. ന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കും സർക്കാർ സംരക്ഷണം ഒരുക്കണമെന്നും അക്രമം നടത്തിയവരെ വിചാരണചെയ്യാൻ പ്രത്യേക ട്രൈബ്യൂണലുകൾ വേണമെന്നും ആവശ്യപ്പെട്ടു.
ഹിന്ദു സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ പിന്നീട് മറ്റുള്ളവരും അണിചേരുകയായിരുന്നു. മുസ്ലിം സംഘടനകളും ഐക്യദാർഢ്യവുമായെത്തി. ഹസീന സർക്കാരിന്റെ പതനത്തെ തുടർന്ന് രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണത്തെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മൊഹമ്മദ് യൂനുസ് അപലപിച്ചു. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നയിച്ച് ബ്രിട്ടീഷ് പാർലമെന്റിന് പുറത്തും കാനഡയിലും പ്രതിഷേധമുണ്ടായി.
മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ഇടക്കാല സർക്കാർ
ധാക്കവ്യാജ വാർത്തകളോ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളോ നൽകുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. മാധ്യമങ്ങൾ സത്യത്തിന്റെ പക്ഷത്ത് ഉറച്ചുനിന്നില്ലെങ്കിൽ രാജ്യം നശിക്കുമെന്നും ആഭ്യന്തര ഉപദേഷ്ടാവ് റിട്ട. ബ്രിഗേഡിയർ ജനറൽ എം സഖാവത്ത് ഹൊസൈൻ പറഞ്ഞു.
വ്യാജപ്രചാരണങ്ങൾ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുന്നറിയിപ്പെന്നാണ് വിശദീകരണം.
എന്നാൽ, തങ്ങൾക്ക് ഹിതമല്ലാത്ത വാർത്തകൾ പുറത്തുവരാതിരിക്കാനാണ് മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതെന്ന ആരോപണം ശക്തമാണ്. അതിനിടെ, രാജ്യത്ത് 639ൽ 599 പൊലീസ് സ്‌റ്റേഷനുകളുടെയും പ്രവർത്തനം പുനരാരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..