22 December Sunday
പൊലീസ് ഉദ്യോ​ഗസ്ഥര്‍ സമരം അവസാനിപ്പിച്ചു

ബംഗ്ലാദേശില്‍ കൂട്ടരാജി ; ക്രമസമാധാനനില 
മെച്ചപ്പെട്ടതായി മൊഹമ്മദ്‌ യൂനുസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


ധാക്ക
ബംഗ്ലാദേശിൽ ഷെയ്‌ഖ്‌ ഹസീന സർക്കാരിന്റെ പതനത്തെ തുടർന്ന്‌ ഒരാഴ്ചയ്ക്കിടെ നിയമ മേഖലയിൽനിന്ന്‌ രാജിവച്ചത്‌ 68 ഉദ്യോഗസ്ഥർ. അറ്റോർണി ജനറൽ എ എം അമിൻ ഉദ്ദിൻ, മൂന്ന്‌ അഡീഷണൽ അറ്റോർണി ജനറൽമാർ എന്നിവർ ഉൾപ്പെടെയാണിത്‌.

കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ കടന്നുകയറി പ്രക്ഷോഭകർ ചീഫ്‌ ജസ്‌റ്റിസ്‌ ഉബൈദുൾ ഹസ്സനെക്കൊണ്ട്‌ രാജിവയ്പിച്ചിരുന്നു. സെൻട്രൽ ബാങ്കായ ബംഗ്ലാദേശ്‌ ബാങ്കിന്റെ ഗവർണർ  അബ്ദുർ റൗഫ്‌ താലൂക്‌ദാറിന്‌ പിന്നാലെ, ഡപ്യൂട്ടി ഗവർണർമാരായ കാസി സെയ്‌ദുർ റഹ്മാൻ, മൊഹമ്മദ്‌ കുർഷിദ്‌ ആലം എന്നിവരും ഉപദേഷ്ടാവ്‌ അബു ഫറാ മൊഹമ്മദ്‌ നാസറും രാജിവച്ചു. ജുഡീഷ്യറിയുടെ ഭാഗമായ ആരെങ്കിലും തെറ്റായ പ്രവൃത്തി ചെയ്താൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പുതുതായി നിയമിക്കപ്പെട്ട ചീഫ്‌ ജസ്‌റ്റിസ്‌ സയ്യെദ്‌ റെഫാത്‌ അഹ്‌മെദ്‌ രംഗത്തെത്തി.

ബംഗ്ലാദേശിൽ പ്രക്ഷോഭകർ പൊലീസ്‌ സറ്റേഷനുകൾ  കൊള്ളയടിച്ച്‌ കൈവശപ്പെടുത്തിയ ഏതാനും തോക്കുകളും  തിരകളും തിരിച്ചുപിടിച്ചതായി പൊലീസ്‌ അറിയിച്ചു. എന്നാൽ, ഇപ്പോഴും നിരത്തുകളിൽ അക്രമം സൃഷ്ടിക്കുന്നവരുടെ പക്കൽ പൊലീസിന്റെ ആയുധങ്ങളുണ്ട്‌. ഇവ ഉടന്‍ തിരികെയെത്തിക്കണമെന്ന്‌ പൊലീസ്‌ അന്ത്യശാസനം നൽകി. ഒരാഴ്ചയ്ക്കുശേഷം തിങ്കളാഴ്ചയാണ്‌ നിരത്തുകളിൽ പൊലീസ്‌ സജീവമാകുന്നത്. സമരം അവസാനിപ്പിച്ചതായി ബംഗ്ലാദേശ്‌ പൊലീസ്‌ സബോർഡിനേറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ പറഞ്ഞു. ക്രമസമാധാനനില മെച്ചപ്പെട്ടതായി ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്‌ മൊഹമ്മദ്‌ യൂനുസ്‌ പറഞ്ഞു. ഇടക്കാല സർക്കാരുമായി ഖാലിദ സിയയുടെ ബംഗ്ലാദേശ്‌ നാഷണലിസ്‌റ്റ്‌ പാർടി ചർച്ച നടത്തി. അതിനിടെ, അട്ടിമറിക്ക്‌ പിന്നിൽ അമേരിക്കയാണെന്ന്‌ ആരോപിക്കുന്ന, ഷെയ്‌ഖ്‌ ഹസീനയുടേതായി പുറത്തുവന്ന പ്രസംഗം വ്യാജമാണെന്ന്‌ അവരുടെ മകൻ സജീബ്‌ വെളിപ്പെടുത്തി.

വിമോചനയുദ്ധ 
പ്രതീകവും തകർത്തു
ബംഗ്ലാദേശ്‌ തെരുവുകളിൽ തുടരുന്ന കലാപത്തിൽ, 1971ലെ വിമോചനയുദ്ധ പ്രതീകങ്ങളും തകർക്കപ്പെട്ടു. പാകിസ്ഥാൻ സൈന്യത്തിന്റെ കീഴടങ്ങലിന്റെ  ഓർമയ്ക്കായി മുജിബ്‌ നഗറിലെ ഷഹീദ്‌ മെമ്മോറിയൽ സമുച്ചയത്തില്‍ നിർമിച്ച പ്രതിമകളാണ്‌ അക്രമികൾ തകർത്തത്‌. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച്‌ ഷെയ്‌ഖ്‌ ഹസീന നാടുവിട്ട ഉടൻ അവരുടെ പിതാവും രാജ്യത്തിന്റെ ആദ്യ പ്രസിഡന്റുമായ മുജിബുർ റഹ്മാന്റെ പ്രതിമയും തകർത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top