ന്യൂഡൽഹി
തുടർച്ചയായി പതിനഞ്ചുവർഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിക്ക് ഒടുവിൽ ലഭിച്ചത് 45 മിനുട്ട് മാത്രം. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കും മുമ്പ് രാജ്യത്തെ അവസാനമായി അഭിസംബോധനചെയ്യാനും കഴിഞ്ഞില്ല. വീഡിയോ സന്ദേശം റെക്കാർഡ് ചെയ്യാൻ സൈന്യം അനുവദിച്ചില്ല. പ്രതിഷേധം അടിച്ചമർത്താനാകില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. സൈന്യത്തിൽ ഒരുവിഭാഗത്തിന്റെ മാത്രം പിന്തുണയേ ഹസീനയ്ക്ക് ലഭിച്ചുള്ളൂ.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭവനിൽ പ്രതിഷേധക്കാർ ഇരച്ചുകയറാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് കൂടിയായതോടെ രാജ്യം കണ്ട കരുത്തുറ്റ വനിതയ്ക്ക് രക്ഷപ്പെട്ടോടുക മാത്രമേ മുന്നിൽ വഴിയുണ്ടായിരുന്നുള്ളൂ.
പ്രസിഡന്റിന്റെ വസതിയിലെത്തി രാജി നടപടി പൂർത്തിയാക്കി സഹോദരി റഹാനയ്ക്കൊപ്പം മിലിട്ടറി ഹെലികോപ്ടറിൽ പകൽ 2.30-ന് ഒരു യുഗത്തിന് അന്ത്യം കുറിച്ച് ഇന്ത്യയിലേക്ക് ഷെയ്ഖ് ഹസീന പറന്നു. താഴെ അവരുടെ പ്രിയപ്പെട്ട മണ്ണിൽ, നാടിനെ വിമോചനത്തിലേക്ക് നയിച്ച പിതാവ് മുജിബുർ റഹ്മാന്റെ പ്രതിമ തകർക്കുകയായിരുന്നു പ്രതിഷേധക്കാർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..