ധാക്ക > ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസുമായി(ഇസ്‌കോൺ)ബന്ധപ്പെട്ട 17 വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ 30 ദിവസത്തേക്ക് മരവിപ്പിക്കാൻ നിർദ്ദേശം.
ഈ അക്കൗണ്ടുകളിലേക്കുള്ള എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (ബിഎഫ്ഐയു) വ്യാഴാഴ്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി റിപ്പോർട്ട്. 17 വ്യക്തികളുടെയും ഇടപാട് രേഖകൾ ഉൾപ്പെടെയുള്ള അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ മൂന്ന് ദിവസത്തിനുള്ളിൽ നൽകാനും ബിഎഫ്ഐയു ബാങ്കുകൾക്ക് നിർദ്ദേശം നൽകി.
ഇസ്‌കോൺ മുൻ നേതാവ് ചിന്മയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്‌ച അറസ്റ്റ് ചെയ്തിരുന്നു. ഒക്‌ടോബർ 25ന് ചാത്തോഗ്രാമിൽ നടന്ന റാലിയിൽ ബംഗ്ലാദേശ് ദേശീയ പതാകയ്‌ക്ക് മുകളിൽ കാവി പതാക ഉയർത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ചിന്മയ് കൃഷ്ണ ദാസിനും 18 പേർക്കുമെതിരെ ഒക്ടോബർ 30 ന് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
ചൊവ്വാഴ്ച ചാത്തോഗ്രാം കോടതിയിൽ നടന്ന വിചാരണയ്ക്കിൽ ദാസിന് ജാമ്യം നിഷേധിക്കുകയും തുടർന്ന് ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു. ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്‌റ്റിനെ തുടർന്ന് രാജ്യത്ത് വർഗീയസംഘർഷങ്ങൾ രൂക്ഷമായിരുന്നു. ഇസ്‌കോൺ അനുകൂലികളും പൊലീസും ഏറ്റുമുട്ടിയതിൽ അസിസ്‌റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സെയ്‌ഫുൾ ഇസ്ലാം കൊല്ലപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..