10 September Tuesday

ബംഗ്ലാദേശില്‍ ഇടക്കാല സർക്കാർ ഇന്ന്‌, യൂനുസ്‌ നയിക്കും , കൊള്ളയും കൊള്ളിവയ്പും തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


അവാമി ലീഗിന്റെ 29 നേതാക്കൾ കൊല്ലപ്പെട്ടു
ന്യൂനപക്ഷങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു
ഇന്ത്യൻ എംബസിയിൽനിന്ന് ജീവനക്കാരെ ഒഴിപ്പിച്ചു

ധാക്ക
ദിവസങ്ങളായി അരാജകത്വം നടമാടുന്ന ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ വ്യാഴാഴ്‌ച നിലവിൽവരും. പ്രധാനമന്ത്രിസ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് കടന്ന ഷെയ്‌ഖ്‌ ഹസീനയുടെ കണ്ണിലെ കരടായിരുന്ന നൊബേൽ ജേതാവ്‌ മൊഹമ്മദ്‌ യൂനുസിനെ ഇടക്കാല സർക്കാരിന്റെ മേധാവിയായി പ്രസിഡന്റ്‌ മൊഹമ്മദ്‌ ഷഹാബുദ്ദീൻ  നിയമിച്ചു. ഉപദേശക കൗൺസിലിൽ 15 അംഗങ്ങളുണ്ടാകുമെന്ന്‌ സൈനിക മേധാവി വഖർ ഉസ്‌ സമാൻ പറഞ്ഞു. വിദേശത്തുള്ള യൂനുസ്‌ വ്യാഴാഴ്ച രാജ്യത്തെത്തും. 

ബംഗ്ലാദേശിന്റെ രണ്ടാം വിമോചനമാണ്‌ ഷെയ്‌ഖ്‌ ഹസീനയുടെ പുറത്താക്കലെന്ന്‌ പ്രതികരിച്ച യൂനുസ്‌, സമാധാനത്തിനായി ആഹ്വാനം ചെയ്തു. യൂനുസിനെതിരെയുള്ള  കേസുകൾ പ്രസിഡന്റ്‌ പിൻവലിച്ചു. യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ മാത്രമേ അംഗീകരിക്കൂ എന്ന്‌ പ്രസിഡന്റുമായി നടത്തിയ ചർച്ചയിൽ ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ നേതാക്കൾ അറിയിച്ചിരുന്നു. മൂന്നുമാസത്തിനകം തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ ജയിൽമോചിതയായ ബിഎൻപി നേതാവ്‌ ഖാലിദ സിയ ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്ത്‌ കൊള്ളയും കൊള്ളിവയ്‌പും തുടരുകയാണ്‌. ഹസീനയുടെ അവാമി ലീഗിന്റെ 29 നേതാക്കൾ   കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഹസീനയുടെ ബന്ധുക്കളുമുണ്ട്‌. കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 469 ആയി. ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. അക്രമം തടയാൻ സൈന്യത്തോടും പൊലീസിനോടും പ്രസിഡന്റ്‌  ആവശ്യപ്പെട്ടു. ഹസീനയെ അനുകൂലിച്ച പൊലീസ്‌, സൈനിക ഉദ്യോഗസ്ഥർ കൂട്ടനടപടി നേരിടുകയാണ്‌.  ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചു. പകപോക്കൽ ഭയന്ന്‌ പൊലീസുകാരിൽ ഭൂരിപക്ഷവും ജോലിക്കെത്തുന്നില്ല. ക്രമസമാധാനച്ചുമതല വിദ്യാർഥികൾ ഏറ്റെടുത്തു. പൊലീസുകാരോട്‌ ഉടൻ ജോലിക്ക്‌ ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടു.ധാക്കയിലെ ഇന്ത്യൻ എംബസിയിൽനിന്നും കോൺസുലേറ്റുകളിൽനിന്നും ജീവനക്കാരെ തിരിച്ചുവിളിച്ചു.  കുടുംബാംഗങ്ങളെയും തിരികെക്കൊണ്ടുവന്നു. ഹൈകമീഷൻ അത്യാവശ്യ ജീവനക്കാരെവച്ച്‌ പ്രവർത്തിക്കും.

ഹസീനയുടെ നിശിത വിമര്‍ശകന്‍
ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ നിയുക്തനായ സാമ്പത്തിക വിദഗ്ധനും  നൊബേല്‍ ജേതാവുമായ  മൊഹമ്മദ്‌ യൂനുസിനെതിരെ ബം​ഗ്ലാദേശില്‍ ഉണ്ടായിരുന്നത് ഇരുന്നൂറോളം കേസുകള്‍. ഷെയ്‌ഖ്‌ ഹസീനയുടെ നിശിത വിമർശകനായിരുന്ന യുനുസിനോടുള്ള പ്രതികാര നടപടിയാണ്‌ കേസുകളെന്ന് അന്നേ വിമർശമുണ്ട്. ഹസീന സര്‍ക്കാര്‍ ചുമത്തിയ  തൊഴിൽ നിയമ ലംഘനക്കേസുകളില്‍ നിന്ന് യൂനുസിനെ ബുധനാഴ്ച കുറ്റവിമുക്തനാക്കി.  ഇടക്കാല സര്‍ക്കാരിനെ യൂനുസ് നയിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്ക്‌ ചെറിയ തുകയുടെ വായ്പകള്‍ ലഭ്യമാക്കിയ യുനുസിന്റെ ഗ്രാമീൺ ബാങ്ക്‌ ലക്ഷക്കണക്കിന്‌ ബംഗ്ലാദേശികളെയാണ്‌ പട്ടിണിയിൽ നിന്നുകരകയറ്റിയത്‌. ഈ സംരംഭത്തിലൂടെ 2006 ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. 1940ൽ ചിറ്റഗോങ്ങിൽ ജനിച്ച യൂനുസ്‌  ഉന്നതപഠനം പൂര്‍ത്തിയാക്കിയത് അമേരിക്കയില്‍. യുഎസില്‍ കോളേജ്‌ പ്രഫസറായി സേവനമനുഷ്ഠിച്ചു വരുമ്പോഴായിരുന്നു ബംഗ്ലാദേശ്‌ സ്വതന്ത്രമായത്‌.

മൈക്രോഫിനാൻസ് എന്ന നൂതനാശയവുമായി ബംഗ്ലാദേശിലേക്കു തിരിച്ചെത്തിയ യൂനുസ്‌ 1983ൽ ഗ്രാമീൺ ബാങ്ക്‌ സ്ഥാപിച്ചു. ഒരു കോടിയോളം പേര്‍ക്ക് 300 കോടി ഡോളറിന് മൂല്യമുള്ള തുക വിതരണം ചെയ്തു. നൽകിയ ലോണുകളിൽ 97 ശതമാനവും പലിശയടക്കം തിരിച്ചു പിടിക്കാനായി. ​ഗ്രാമീണമേഖലയെ സമ്പദ്ഘടനയുടെ ഭാ​ഗമാക്കിയ ഈ നൂതന പദ്ധതിയ്ക്കാണ് നൊബേല്‍  ലഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top