23 December Monday

സംവരണം കുറച്ച് ബംഗ്ലാദേശ് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ധാക്ക > രാജ്യത്തെ പ്രക്ഷോഭക്കളമാക്കിയ വിവാദ സംവരണ നിയമം തിരുത്തി ബംഗ്ലാദേശ് സുപ്രീംകോടതി. 1971ലെ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻഗാമികൾക്ക് സർക്കാർ ജോലിയിൽ നൽകിയ 30 ശതമാനം സംവരണം അഞ്ചു ശതമാനമാക്കി കുറച്ചു. ഗോത്രവിഭാഗക്കാർ, ട്രാൻസ്‌ജെൻഡർമാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്കായി രണ്ടുശതമാനം സംവരണം നൽകും. ഇതൊഴികെ, 93 ശതമാനം തസ്തികയിലും നിയമനം മെറിറ്റ് അടിസ്ഥാനത്തിലാകും–- കോടതി വ്യക്തമാക്കി.

സംവരണ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി കത്തിപ്പടർന്ന പ്രക്ഷോഭത്തിൽ 151 വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സംഘർഷം അയഞ്ഞു. കോടതി വിധി അനുസരിച്ചുള്ള സർക്കാർ ഉത്തരവ് വരുംവരെ സമരം തുടരുമെന്ന് വിദ്യാർഥിനേതാക്കൾ അറിയിച്ചു. ജയിലിലടച്ചവരെ മോചിപ്പിക്കുക, പൊലീസ് അടപ്പിച്ച ഹോസ്റ്റലുകളും ഡോർമിറ്ററികളും തുറക്കുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട്. സ്ഥിതി മെച്ചപ്പെടുംവരെ നിയന്ത്രണം തുടരുമെന്ന് ആഭ്യന്തര മന്ത്രി അസദ് ഉസ്മാൻ ഖാൻ പറഞ്ഞു. രാജ്യത്ത് തിങ്കൾവരെ പൊതു അവധി പ്രഖ്യാപിച്ചു. പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സമരത്തെ പിന്തുണച്ചിരുന്നു.

രാജ്യത്ത് 1.8 കോടി പേർ തൊഴിൽരഹിതരായിരിക്കെ, 56 ശതമാനം നിയമനങ്ങളും സംവരണത്തിലൂടെയാണ്. വിമോചന സൈനികരുടെ പിൻഗാമികൾക്കുള്ള സംവരണം ഒഴിവാക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്. വിമോചനയുദ്ധത്തിന് നേതൃത്വം നൽകിയ അവാമി ലീഗിന്റെ പ്രവർത്തകർക്കാണ് സംവരണനുകൂല്യം ലഭിക്കുന്നതെന്ന വാദവും ശക്തം. തുടർ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ 2018ൽ ഇത്തരം നിയമങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഇത് ജൂണിൽ ഹൈക്കോടതി പുനഃസ്ഥാപിച്ചതോടെയാണ് സംഘർഷമാരംഭിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top