ധാക്ക> ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കും 45 കൂട്ടാളികൾക്കുമെതിരെ അറസ്റ്റ് വാറണ്ട്. നവംബർ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിർദേശം. ബംഗ്ലാദേശിലെ ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റീസ് മൊഹമ്മദ് ഗുലാം മൊർതുസ മജൂംദാറിന്റെയാണ് ഉത്തരവ്.
രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു.
ഹസീന കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്തതായുള്ള റിപ്പോർട്ടുകൾക്ക് ശേഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ന്യൂഡല്‍ഹിക്കടുത്തുള്ള ഒരു സൈനിക താവളത്തില്‍ എത്തിയതായാണ് ഹസീനയെക്കുറിച്ചുള്ള അവസാന വിവരം.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് അറസ്റ്റ് വാറണ്ട്. ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തി. രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയാണ് കേസ്. 60 പരാതികൾ ട്രിബ്യൂണൽ പരിഗണിച്ചു.
ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ മുൻ ജനറല്‍ സെക്രട്ടറിയായിരുന്നു ഒബൈദുള്‍ ഖദാറിനെതിരെ ഉൾപ്പെടെയാണ് ഉത്തരവ്. ഇരുവർക്കും പുറമെ ഹസീന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും എതിരെ വാറണ്ടുണ്ട്.
ബംഗ്ലാദേശില്‍ ഹസീനയെ പുറത്താക്കുന്നതിന് മുന്നോടിയായി നടന്ന കലാപത്തില്‍ ഏകദേശം ഏഴുന്നൂറോളം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ നടപടികളിൽ 200 കേസുകൾ ഹസീനയ്ക്ക് എതിരെ എടുത്തിട്ടുണ്ട്. മിക്കവയും ഭരണകൂട കൊലപാതകങ്ങളുടെ വിഭാഗത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..