27 December Friday

ബൈഡന് പകരം കമലയോ മിഷേലോ?

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

വാഷിംഗ്ടൺ > യുഎസ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെ ഡെമോക്രാറ്റിക് പാർടിയുടെ പുതിയ സ്ഥാനാർഥി ആരാകും എന്ന ചർച്ചകൾ കൊണ്ടുപിടിക്കുകയാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ മത്സരിക്കാൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് എത്താനാണ് സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഒരേ സ്വരത്തിൽ പറയുന്നു. ഡെമോക്രാറ്റുകളുടെ അഭിപ്രായത്തിലും നോമിനികളുടെ സാധ്യതാ പട്ടികയിൽ കമല ഹാരിസാണ് ഒന്നാമത്.

തനിക്കു പകരം കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാർഥിയാകണമെന്ന് ജോ ബൈഡനും നിർദേശിക്കുന്നു. തന്റെ വൈസ് പ്രസിഡന്റായി കമല ഹാരിസിനെ തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായ തീരുമാനമായിരുന്നെന്നും കമല ഹാരിസിനായി പ്രവർത്തിക്കുമെന്നും ബൈഡൻ പറഞ്ഞു. ബൈഡന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ പ്രസിഡഷ്യൽ തെരഞ്ഞെടുപ്പ് ക്യാമ്പെയ്ന്റെ ധനസമാഹരണത്തിനായുള്ള ഡെമോക്രാറ്റിക് പാർടിയുടെ അക്കൗണ്ടിന്റെ പേര് ഹാരിസ് ഫോർ പ്രസിഡന്റ് എന്നാക്കിയിട്ടുമുണ്ട്. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ മാത്രം 4.67 കോടി ഡോളറിലധികം സംഭാവന ലഭിച്ചതായാണ് വിവരം.



ബൈഡൻ തന്നെ പ്രസിഡന്റ് സ്ഥാനാർഥിയായി അം​ഗീകരിച്ചതിൽ‌ ഏറെ സന്തോഷമുണ്ടെന്നും ട്രംപിനെയും അദ്ദേഹത്തിന്റെ അജണ്ടകളെയും പരാജയപ്പെടുത്താൻ ഡെമോക്രാറ്റിക് പാർടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുക തന്റെ ഉത്തരവാദിത്തമാണെന്നും കമല ഹാരിസ് പ്രതികരിച്ചു. ഹിലരി ക്ലിന്റൺ, ബിൽ ക്ലിന്റൺ, എലിസബത്ത് വാറൻ, അലക്‌സാൻഡ്രിയ ഒകാസിയോ-കോർട്ടെസ് അടക്കമുള്ള മുതിർന്ന നേതാക്കളും കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ, നോർത്ത് കരോലിന ഗവർണർ റോയ് കൂപ്പർ, മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം അരിസോണ സെനറ്റർ മാർക്ക് കെല്ലി അടക്കമുള്ളവരും ഹാരിസിനൊപ്പമാണ്.

മിഷേൽ ഒബാമ

മിഷേൽ ഒബാമ



എന്നാൽ കമല ഹാരിസിന് ട്രംപിനെ തോൽപ്പിക്കാൻ കഴിയില്ലെന്നും അവരെ ബലിയാടാക്കരുതെന്നും തരത്തിലുള്ള അഭിപ്രായങ്ങൾ പാർടിക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. പകരമായി വരുന്ന പേരുകളിൽ പ്രധാനപ്പെട്ടത് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പങ്കാളി മിഷേൽ ഒബാമയുടേതാണ്. വോട്ടർമാർക്ക് ഇഷ്ടമുള്ള സ്ഥാനാർഥി മിഷേൽ ആണെന്ന തരത്തിൽ ഇതിനോടകം പല റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുമുണ്ട്. നേരത്തെ ബൈഡനെ പ്രസിഡന്റ് സ്ഥാനാർഥിയായി അം​ഗീകരിച്ച ബറാക് ഒബാമ കമല ഹാരിസിനെ അം​ഗീകരിക്കുന്നതിൽ നിന്ന് വിട്ടു നിന്നതും ശ്രദ്ദേയമാണ്. നോമിനിയെ കൺവെൻഷനിലൂടെ തെരഞ്ഞെടുക്കണമെന്നാണ് അദ്ദേഹം ഇപ്പോൾ അഭിപ്രായപ്പെടുന്നത്.  മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും ഇതേ അഭിപ്രായക്കാരിയാണ്. ബൈഡനെ മത്സരത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഒബാമയും നാൻസി പെലോസിയും ആണെന്നായിരിന്നു റിപ്പോർട്ടുകൾ.

ആരും നോമിനി സ്ഥാനത്തേക്ക് അഭിഷേകം ചെയ്യപ്പെടരുതെന്ന് എഴുത്തുകാരിയും ഡെമോക്രാറ്റിക് നേതാവുമായ മരിയാനെ വില്യംസണും അഭിപ്രായപ്പെട്ടു. "എല്ലാ നോമിനികളെയും കേൾക്കുകയും അവരുടെ അജണ്ടകൾ ചർച്ച ചെയ്യുകയും വേണം. ഡെമോക്രാറ്റിക് പാർടിയുടെ അടിസ്ഥാന തത്വം ജനാധിപത്യമാണ്. അത് സ്വയം പരിശീലിക്കാതെ നമുക്ക് ജനാധിപത്യത്തെ സംരക്ഷിക്കാൻ കഴിയില്ല," മരിയാനെ പ്രസ്താവനയിൽ പറഞ്ഞു.

ഓഗസ്റ്റ് 19 ന് ചിക്കാഗോയിൽ ആരംഭിക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി കൺവെൻഷനിലാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. രാജ്യത്തുടനീളമുള്ള 4,000 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും. ഇതിൽ 3,800 ലധികം പ്രതിനിധികൾ ബൈഡനൊപ്പം നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ ബൈഡന്റെ അംഗീകാരമുള്ള കമല ഹാരിസിന് സ്ഥാനാർഥിത്വത്തിലേക്കുള്ള പാത അനായാസമാകും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിലെ ആദ്യത്തെ വനിത പ്രസിഡന്റും ബറാക് ഒബാമയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കറുത്ത വർ​ഗക്കാരിയായ പ്രസിഡന്റുമാകും കമല ഹാരിസ്. ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതാ പ്രസിഡന്റെന്ന റെക്കോർഡും കമല സ്വന്തമാക്കും. എന്നാൽ ബൈഡനെ തോൽപിക്കുന്നതിലും എളുപ്പമാണ് കമലയെ തോൽപ്പിക്കാനെന്നാണ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top