22 December Sunday

സമാധാനസേനയെ പിൻവലിക്കണം ; യു എന്നിന്‌ നെതന്യാഹുവിന്റെ തീട്ടൂരം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


ടെൽ അവീവ്‌/ ബെയ്‌റൂട്ട്‌
തെക്കൻ ലബനനിൽ വിന്യസിച്ചിരിക്കുന്ന സമാധാനസേനയെ എത്രയും പെട്ടന്ന്‌ പിൻവലിക്കണമെന്ന്‌ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനോട്‌ ആവശ്യപ്പെട്ട്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. തെക്കൻ ലബനനിലെ നഖോറയിലെ സമാധാനസേന ആസ്ഥാനത്തേക്ക്‌ ഇസ്രയേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ വിമർശം ഏറിവരികയാണ്‌.

സമാധാനസേനയെ അയച്ച 34 രാഷ്ട്രങ്ങൾ ഉൾപ്പെടെ 40 രാഷ്ട്രങ്ങൾ അപലപിച്ച്‌ സംയുക്ത പ്രസ്താവനയിറക്കി. സമാധാനസേനയെ ബഹുമാനിക്കണമെന്ന്‌ മാർപാപ്പയും ആവശ്യപ്പെട്ടു. ഈയാവശ്യങ്ങൾക്കൊന്നും വിലകൽപ്പിക്കുന്നില്ലെന്നും തുടർന്നും ആക്രമണം രൂക്ഷമാക്കുമെന്നും തെളിയിക്കുന്നതാണ്‌ നെതന്യാഹുവിന്റെ ഭീഷണി. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 20 സമാധാനസേനാംഗങ്ങൾക്ക്‌ പരിക്കേറ്റു.

സേനാംഗങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും, പിന്മാറിയില്ലെങ്കിൽ ആപത്തുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു. തൊട്ടുപിന്നാലെ, ഇസ്രയേൽ ടാങ്കുകൾ സമാധാനസേനയുടെ താവളത്തിലേക്ക്‌ ഇടിച്ചുകയറ്റി. മതിൽതകർത്താണ്‌ സൈന്യം ഉള്ളിൽ പ്രവേശിച്ചത്‌. സമാധാനസേനയെ പൂർണമായും നീക്കി ലബനനിലേക്ക്‌ സമ്പൂർണയുദ്ധം അഴിച്ചുവിടാനാണ്‌ ഇസ്രയേൽ നീക്കമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. നെതന്യാഹുവിന്റെ ഭീഷണിയെ ലബനൻ പ്രധാനമന്ത്രി നജീബ്‌ മികാതി അപലപിച്ചു.

സമാധാനസേനയെ ആക്രമിച്ചതിനെ അപലപിക്കുന്ന പ്രമേയത്തിൽ ഇന്ത്യ ഒപ്പിട്ടിട്ടില്ല. എന്നാൽ, സൈനികരെ സംഭാവനചെയ്യുന്ന രാജ്യമെന്ന നിലയിൽ നിലപാടിനോട്‌ പൂർണമായും യോജിക്കുന്നതായി യുഎന്നിലെ ഇന്ത്യൻ പ്രതിനിധികൾ അറിയിച്ചു. ലബനനിൽ 600 ഇന്ത്യൻ സൈനികർ യുഎൻ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നതായി വിദേശ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. അതേസമയം, തെക്കൻ ലബനനിൽ ഇസ്രയേൽ–- ഹിസ്‌ബുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. ഇസ്രയേൽ ബോംബാക്രമണത്തിൽ പ്രദേശത്തെ നൂറ്റാണ്ട്‌ പഴക്കമുള്ള മോസ്ക്‌ തകർന്നു.

ഗാസയിൽ 
കൂട്ടക്കുരുതി തുടർന്ന്‌ ഇസ്രയേൽ
വടക്കൻ ഗാസയിൽ ഇടതടവില്ലാത്ത ഇസ്രയേൽ ബോംബാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ജബാലിയ അഭയാർഥി ക്യാമ്പിൽ മാത്രം പത്തുപേരാണ്‌ കൊല്ലപ്പെട്ടത്‌. ഒമ്പതുദിവസത്തിനിടെ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 ആയി. മുനമ്പിന്റെ വടക്കൻ മേഖലയെ പൂർണമായും വിജനമാക്കാനാണ്‌ ഇസ്രയേൽ നീക്കമെന്ന്‌ അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഗാസ സിറ്റിയിലടക്കം ഇനിയുമുള്ളവർ ഒരാഴ്ചയ്ക്കകം ഒഴിഞ്ഞുപോകണമെന്ന്‌ ആവശ്യപ്പെട്ട്‌ ശനിയാഴ്ച വീണ്ടും സൈന്യം അറിയിപ്പ്‌ നൽകിയിരുന്നു.

ഇസ്രയേലിനെ അപലപിക്കുന്ന കത്തിൽ ഒപ്പിടാതെ ഇന്ത്യ
യുഎൻ സെക്രട്ടറി ജനറലിനെ രാജ്യത്ത്‌ പ്രവേശിക്കുന്നതിൽനിന്ന്‌ വിലക്കിയ ഇസ്രയേൽ നടപടിയെ അപലപിക്കുന്ന കത്തിൽ ഒപ്പിടാതെ ഇന്ത്യ. ചിലിയുടെ കത്തിൽ ആഫ്രിക്കൻ യൂണിയനും 104 രാഷ്ട്രങ്ങളുമാണ്‌ ഒപ്പിട്ടിരിക്കുന്നത്‌. ‘ഗ്ലോബൽ സൗത്തി’ലെ പ്രധാന രാഷ്ട്രങ്ങളെല്ലാം ഒപ്പിട്ടിരിക്കുന്ന കത്തിലാണ്‌ ഇന്ത്യ വ്യത്യസ്ത നിലപാട്‌ എടുത്തത്‌. ഗ്ലോബൽ സൗത്തിന്റെ നേതൃസ്ഥാനം ഇന്ത്യക്കാണെന്ന്‌ കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോൾത്തന്നെ, പലസ്തീൻ വിഷയത്തിൽ മേഖലയിലെ മറ്റ്‌ രാഷ്ട്രങ്ങളിൽനിന്ന്‌ ഭിന്നമായ നിലപാടാണ്‌ ഇന്ത്യ തുടർച്ചയായി സ്വീകരിക്കുന്നത്‌. ഗാസയിലെ ഇസ്രയേൽ ആക്രമണവുമായി ബന്ധപ്പെട്ടുള്ള നാല്‌ പ്രമേയങ്ങളിലെ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top