22 December Sunday

നെതന്യാഹുവിനെതിരെ പ്രതിഷേധം ; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പ്രസംഗം തടസ്സപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024


ടെൽഅവീവ്‌
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച്‌ വൻ പ്രതിഷേധം. ഹമാസ്‌ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ നെതന്യാഹു ശ്രമിക്കുന്നില്ലെന്നും ഹമാസിന്റെ ആക്രമണത്തിനും യുദ്ധത്തിനും കാരണം നെതന്യാഹുവാണെന്നും പ്രതിഷേധമുയർത്തിയവർ ആരോപിച്ചു. ഹമാസ്‌ ആക്രമണത്തിന്റെ ഒന്നാംവാർഷിക അനുസ്‌മരണ പരിപാടികൾക്കിടെയാണ്‌ ജറുസമേലിൽ പ്രതിഷേധമുണ്ടായത്‌. നെതന്യാഹു സംസാരിക്കാൻ എഴുന്നേറ്റപ്പോൾ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെയും ബന്ദികളാക്കപ്പെട്ടവരുടെയും ബന്ധുക്കൾ മുദ്രവാക്യംവിളിച്ച്‌ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തന്റെ അച്‌ഛൻ കൊല്ലപ്പെട്ടുവെന്ന്‌ പറഞ്ഞ്‌ എഴുന്നേറ്റ ഇസ്രയേലുകാരൻ, ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ ശ്രമമില്ലെന്നും ആരോപിച്ചു. പ്രതിഷേധക്കാരോട്‌ പ്രതികരിക്കാൻ നെതന്യാഹു തയാറായില്ല.

ബന്ദികളെ നാട്ടിലെത്തിക്കാൻ സൈനിക നടപടി മാത്രം മതിയാകില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്‌ നേരത്തെ സമ്മതിച്ചിരുന്നു. എന്നിട്ടും നെതന്യാഹു അതിന്‌ തയ്യാറാകാത്തതാണ്‌ പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്‌. അതിനിടെ ബന്ദികളുടെ മോചനത്തിനായി ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ഹമാസ്‌ നേതാക്കളുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്‌. ഇതിനായി മൊസാദ്‌ തലവൻ തലവൻ ഡേവിഡ്‌ ബർണിയയെ ചുമതലപ്പെടുത്തിയതായാണ്‌ വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top