ജെറുസലേം > ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ പ്രതിരോധസേന. റഫയിലെ അണ്ടർ ഗ്രൗണ്ട് തുരങ്കത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടോ മൂന്ന് ദിവസം മുമ്പ് തന്നെ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സേനയുടെ വിലയിരുത്തൽ. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളുമുണ്ട്. ആറ് പേരിലൊരാൾ ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ എന്ന അമേരിക്കൻ പൗരനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു.
ബന്ദികൾ മരിച്ച വിവരം ഞായറാഴ്ച രാവിലെ അറിഞ്ഞുവെന്നും ഇസ്രയേൽ യുദ്ധമവസാനിപ്പിച്ച് ഹമാസുമായി കരാറിലെത്തിയിരുന്നുവെങ്കിൽ ഇവർ ഇപ്പോൾ ജീവനോടയുണ്ടാകുമായിരുന്നുവെന്നും ഇവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ഏകദേശം നൂറോളം പേരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കി വച്ചിട്ടുണ്ടെന്നും ഇവരിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
അതേസമയം ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ശനിയാഴ്‌ച ഗാസയുടെ പലഭാഗങ്ങളിലായി 34 പലസ്തീൻകാരെ ഇസ്രയേൽ വധിച്ചു. മധ്യഗാസയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ ആക്രമണത്തിൽ 20 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിലെ ജെനിൻ പട്ടണത്തിൽ ഇസ്രയേൽ ഉപരോധം കാരണം ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇന്റർനെറ്റ് സൗകര്യമോ ലഭിക്കാതെ കടുത്ത പ്രതിസന്ധിയുണ്ട്. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 40,691 ആയി. 94,060 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് കണക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..