ഗാസ സിറ്റി > വെടിനിർത്തൽ കരാറിനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെ വീണ്ടും ദുരിതാശ്വാസ ക്യാമ്പ് ആക്രമിച്ച് ഇസ്രയേൽ. ഖാൻ യൂനിസിലെ അൽ മവാസി ദുരിതാശ്വാസ ക്യാമ്പിലേക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിപക്ഷവും കുട്ടികളാണ്. മുന്നൂറോളം പേർക്ക് പരിക്കേറ്റു. ‘സുരക്ഷിത മേഖല’യെന്ന് ഇസ്രയേൽ അവകാശപ്പെട്ട അൽ മവാസി മേഖലയിൽ നിരവധി പേരാണ് തിങ്ങിപ്പാർക്കുന്നത്. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 38,443 ആയി. 88,481 പേർക്കാണ് പരിക്കേറ്റത്.
ഹമാസ് കമാൻഡർ മുഹമ്മദ് ദെയ്‌ഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ദെയ്‌ഫിനെ കൂടാതെ ഹമാസിന്റെ മറ്റൊരു മുതിർന്ന നേതാവും ദുരിതാശ്വാസ ക്യാമ്പിൽ ഒളിവിൽ കഴിഞ്ഞിരുന്നെന്നും സൈന്യം അവകാശപ്പെട്ടു. ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. രക്ഷാപ്രവർത്തകരെയും ആരോഗ്യപ്രവർത്തകരെയും ഇസ്രയേൽ ലക്ഷ്യംവച്ചു. അതേസമയം ഇസ്രയേലിന്റെ അവകാശവാദങ്ങൾ ഹമാസ് തള്ളി. നിരപരാധികളാണ് കൊല്ലപ്പെട്ടതെന്നും നിഷ്‌ഠൂരമായ ആക്രമണത്തെ ന്യായീകരിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും ഹമാസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഗാസ സിറ്റിയിലെ ഷാദി ദുരിതാശ്വാസ ക്യാമ്പിന് പുറത്ത് നിസ്‌കരിക്കുന്നവരെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി ഉയർന്നതായും അധികൃതർ അറിയിച്ചു.
വ്യാപക പ്രതിഷേധം
ദുരിതാശ്വാസ ക്യാമ്പ് ആക്രമിച്ച ഇസ്രയേൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഇസ്രയേൽ ആക്രമണം അന്താരാഷ്‌ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ജോർദാർ പ്രതികരിച്ചു.
ഈജിപ്‌ത്, സൗദി, ഇറാൻ എന്നീ രാജ്യങ്ങളും ഇസ്രയേൽ നടപടിയ്‌ക്കെതിരെ രംഗത്തെത്തി. ഇസ്രയേലിന് ആയുധം നൽകുന്നത് ബ്രിട്ടൻ അവസാനിപ്പിക്കണമെന്ന് ബ്രിട്ടനിലെ സന്നദ്ധ സംഘടനകൾ ആവശ്യപ്പെട്ടു.
കുടിവെള്ളവും മുട്ടിക്കുന്നു
ഗാസ സിറ്റിയിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസുകൾ ഇസ്രയേൽ നശിപ്പിക്കുന്നതായി ഗാസ മുൻസിപ്പൽ അധികൃതർ അറിയിച്ചു. ഗാസ സിറ്റിയിലെ ഷുജേയ, സബ്ര മേഖലകളിലെ കുടിവെള്ള സ്രോതസുകളാണ് തകർത്തത്. ദിരിതാശ്വാസ ക്യാമ്പിലേക്ക് വെള്ളം എത്തിച്ചിരുന്ന ആറ് പൊതുകിണറുകൾ വ്യോമാക്രമണത്തിൽ ഉപയോഗശൂന്യമായി. ഒക്‌ടോബർ 7ന് ആക്രമണം തുടങ്ങിയ ശേഷം 42 കിണറുകൾ പൂർണ്ണമായും 16 കിണറുകൾ ഭാഗികമായും തകർത്തതായി മുൻസിപ്പാലിറ്റി അറിയിച്ചു. 70,000 മീറ്ററിലധികം കുടിവെള്ള പൈപ്പ് ലൈനും തകർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..