22 December Sunday

എക്സ് നിരോധിച്ച് ബ്രസീൽ കോടതി; ജഡ്ജി ദുഷ്ട ഏകാധിപതിയെന്ന് മസ്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024

സാവോ പോളോ > സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് നിരോധിച്ച് ബ്രസീൽ. രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. ശനിയാഴ്ച പുലർച്ചെ മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു.

മാസങ്ങളായി എക്സ് സിഇഒ ഇലോൺ മസ്കും ബ്രസീൽ സുപ്രീംകോടതിയും തമ്മിൽ തർക്കം നടക്കുകയാണ്. 2022 ലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യ വോട്ടിങ് സമ്പ്രദായത്തെ അട്ടിമറിക്കാൻ ശ്രമിച്ച മുൻ തീവ്ര വലതുപക്ഷ പ്രസിഡൻ്റ് ജെയ്ർ ബൊൽസനാരോയുടെ അനുയായികളുടെ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ മോറസ് ഉത്തരവിട്ടതോടെയാണ് തർക്കം ആരംഭിച്ചത്. 2023ൽ നിലവിലെ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവക്കെതിരെ ബൊൽസനാരോ അട്ടിമറി ശ്രമം നടത്തിയോ എന്നതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

ജനാധിപത്യത്തിനെതിരായതും വ്യാജമായതുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നു എന്ന് കാട്ടി മുൻ കോൺഗ്രസ് അംഗവും തീവ്ര വലതുപക്ഷ നേതാവുമായ ഡാനിയൽ സിൽവേര ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മരിവിപ്പിക്കാനായിരുന്നു കോടതി നിർദേശം. 2022-ൽ സുപ്രീം കോടതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകിയതിൻ്റെ പേരിൽ ഒമ്പത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഡാനിയൽ സിൽവേര. ഇയാളുടേതുൾപ്പെടെ ഏപ്രിലിൽ നിരോധിച്ച ചില അക്കൗണ്ടുകൾ വീണ്ടും സജീവമാക്കിയെന്ന് കാട്ടി മസ്‌കിനെതിരെയും അന്വേഷണത്തിന് ജസ്റ്റിസ് മോറസ് ഉത്തരവിട്ടു.

കോടതി ഉത്തരവ് പാലിക്കാൻ തയാറായില്ലെങ്കിൽ കമ്പനിയുടെ മുൻ നിയമ പ്രതിനിധിയെ അറസ്റ്റ് ചെയ്യുമെന്ന് മോറസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ  ഈ മാസം ആദ്യം എക്‌സിൻ്റെ ബ്രസീലിലെ ബിസിനസ് പ്രവർത്തനങ്ങൾ മസ്ക് അവസാനിപ്പിച്ചു. രാജ്യത്ത് ഇനി പ്രവർത്തിക്കണമെങ്കിൽ 24 മണിക്കൂറിനകം പുതിയ നിയമ പ്രതിനിധിയെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ മസ്ക് ഇതിന് തയാറായില്ല. തുടർന്ന് എക്സ് ബ്ലോക്ക് ചെയ്യാൻ കോടതി ബ്രസീൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന് ഉത്തരവ് നൽകുകയായിരുന്നു. നിയമങ്ങൾ അനുസരിക്കാത്തതിന് എക്സിന് 32 ലക്ഷം ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്. മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇൻ്റർനെറ്റ് ഓപ്പറേറ്റർ സ്റ്റാർലിങ്കിന്റെയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും ബ്രസീലിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് തടയുകയും ചെയ്തിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ ആപ്പിളും ഗൂഗിളും അവരുടെ സ്റ്റോറുകളിൽ നിന്ന് എക്സ് ഒഴിവാക്കണമെന്നും നിർദേശിച്ചെങ്കിലും പിന്നീട് ആ ഉത്തരവ് പിൻവലിച്ചു.

തെരഞ്ഞെടുപ്പിന് നടക്കാനിരിക്കെ വിദ്വേഷ പ്രസംഗങ്ങൾ വ്യാപകമായി തീവ്രസംഘടനകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് തടയാനാണ് താൻ എക്സിന് നിർദേശം നൽകിയതെന്നും മോ​റസ് പറഞ്ഞു. സ്വയം ജഡ്ജിയായി ചമയുന്ന ദുഷ്ട ഏകാധിപതി എന്നായിരുന്നു മോറസിന്റെ ഉത്തരവിനോട് ഇലോൺ മസ്ക് പ്രതികരിച്ചത്. നിയമപരമായി വിഷയം കൈകാര്യം ചെയ്യുമെന്ന് മസ്ക് അറിയിച്ചു. മുൻപ് സ്വതന്ത്ര, പുരോ​ഗമനവാദിയായി സ്വയം വിശേഷിപ്പിച്ചിരുന്നയാളാണ് മസ്ക് 2022 ൽ ട്വിറ്റർ ഏറ്റെടുത്തതിനുശേഷം പ്ലാറ്റ്ഫോമിനെ വലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിപ്പിരക്കാനുള്ള വേദിയാക്കി മാറ്റി എന്ന ആരോപണം ശക്തമാണ്. തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ വൈറ്റ് ഹൗസ് പിടിച്ചെടുക്കാനുള്ള മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ശ്രമത്തെ ഉൾപ്പെടെ അനുകൂലിക്കുന്ന മസ്ക് ഇപ്പോൾ സ്വതന്ത്രചിന്താ​ഗതിക്കാരുടെ കടുത്ത വിമർശകനാണ്. മസ്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന് ബ്രസീലിൽ 22 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top