24 November Sunday

ബ്രിട്ടൻ ഇന്ന്‌ ഇയു വിടും

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

ബ്രസൽസ്‌
യൂറോപ്യൻ യൂണിയനിൽനിന്ന്‌ പുറത്തുപോകുന്നതിന്റെ അവസാന ഔപചാരിക കടമ്പയും ബ്രിട്ടൻ കടന്നു. യൂറോപ്യൻ രാഷ്‌ട്രങ്ങളുടെ രാഷ്‌ട്രീയക്കൂട്ടായ്‌മയിൽനിന്ന്‌ ബ്രിട്ടൻ വിടവാങ്ങുന്നതിന്റെ വ്യവസ്ഥകൾ യൂറോപ്യൻ പാർലമെന്റ്‌ 49നെതിരെ 621 വോട്ടോടെ അംഗീകരിച്ചു. വെള്ളിയാഴ്‌ച രാത്രി 11ന്‌ ബ്രിട്ടൻ 47 വർഷത്തെ സഹവാസം അവസാനിപ്പിച്ച്‌ ഇയുവിന്‌ പുറത്താകും. പിന്നെ 11 മാസം ബ്രെക്‌സിറ്റ്‌ പരിവർത്തന കാലം.

ബ്രിട്ടൻ പുറത്താകുന്നതോടെ ഇയു അംഗങ്ങളുടെ എണ്ണം 27 ആകും. 751  അംഗ യൂറോപ്യൻ പാർലമെന്റിൽ ബ്രിട്ടന്റെ 73 പേർ ഇനിയുണ്ടാകില്ല. 11 മാസത്തെ പരിവർത്തനകാലത്തിനിടെ ഇനി ബ്രിട്ടൻ ഇയുവുമായി വ്യാപാര കരാറിലെത്തണം. ഇക്കാര്യത്തിൽ ഒരു സമ്മർദത്തിനും വഴങ്ങില്ലെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമാനുവൽ മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്‌. കുറഞ്ഞ സമയത്തിനുള്ളിൽ ഗുണകരമായ കരാർ നേടുക ബ്രിട്ടനെ കാത്തിരിക്കുന്ന വെല്ലുവിളിയാകും.

2016 ജൂണിലാണ്‌ ബ്രിട്ടൻ ഇയു വിടണമെന്ന്‌ ഹിതപരിശോധനയിൽ ബ്രിട്ടീഷുകാർ തീരുമാനിച്ചത്‌. അതിനാവശ്യമായ കരാറിലെത്തുന്നത്‌ നീണ്ടുപോയതോടെ രണ്ട്‌ ഇടക്കാല തെരഞ്ഞെടുപ്പ്‌ നടത്തേണ്ടിവന്നു. കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കടുത്ത  ബ്രെക്‌സിറ്റ്‌ വാദിയായ പ്രധാനമന്ത്രി ബോറിസ്‌ ജോൺസന്‌ വൻ ഭൂരിപക്ഷം ലഭിച്ചതോടെയാണ്‌ സഖ്യം വിടൽ യാഥാർഥ്യമാകാൻ അവസാനത്തെ പ്രധാന കടമ്പ കടന്നത്‌.
ജോൺസൺ ഇയു നേതൃത്വവുമായുണ്ടാക്കിയ വ്യവസ്ഥകളാണ്‌ ബുധനാഴ്‌ച യൂറോപ്യൻ പാർലമെന്റ്‌ അംഗീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top