കസാൻ
അംഗരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക, വ്യാപാര ഇടപാടുകൾ പ്രാദേശിക കറൻസിയിൽ നടത്താൻ ബ്രിക്‌സ് ഉച്ചകോടിയിൽ ധാരണ. അതിർത്തികടന്നുള്ള ഇടപാടുകളിൽ ഇതിന്റെ പ്രായോഗികത പഠിക്കാനും ഇത്തരം ഇടപാടുകൾക്കായി ബ്രിക്‌സ് ഡിപോസിറ്ററി എന്ന പുതു സംവിധാനം രൂപീകരിക്കാനും ധാരണയായതായി ഉച്ചകോടിക്ക് ശേഷമിറക്കിയ സംയുക്ത പ്രസ്‌താവനയിൽ പറയുന്നു.
ബ്രിക്‌സ് രാഷ്ട്രങ്ങളുടെ സാമ്പത്തിക, വിപണി അടിസ്ഥാനസൗകര്യങ്ങൾ പരസ്‌പരം ബന്ധിപ്പിക്കുന്നതും പരിഗണിക്കും. ബ്രിക്‌സിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡവലപ്‌മെന്റ് ബാങ്കിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആവശ്യകതയ്‌ക്ക് അനുസൃതമായ ബഹുമുഖ ബാങ്കിങ് സംവിധാനമായി നവീകരിക്കും. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളിലും അനുബന്ധ മേഖലകളിലും ഉത്തരവാദിത്വവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ പരസ്‌പരം സഹകരിക്കും. മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകൾ അതിവേഗം ഡിജിറ്റലായി മാറുന്നതായി ഉച്ചകോടി വിലയിരുത്തി. പരസ്‌പര സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്നും ബ്രിക്‌സ് നേതാക്കൾ പ്രഖ്യാപിച്ചു.
പ്രാഥമിക അംഗങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെയും പിന്നീട് അംഗത്വം നൽകിയ ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെയും ഭരണാധികാരികളാണ് ഉച്ചകോടിയിൽ പങ്കടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..