21 November Thursday

ചന്ദ്രനിൽ വീടൊരുങ്ങുമോ? വാസയോ​ഗ്യമെന്ന് കരുതുന്ന ഗുഹ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

ചിത്രം: നാസ

റോം > ചന്ദ്രനിൽ വാസയോഗ്യമായേക്കുമെന്ന് സംശയിക്കുന്ന ഗുഹ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. 1969ൽ നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ഇറങ്ങിയ സീ ഓഫ് ട്രാൻക്വിലിറ്റി എന്ന ഭാഗത്തുനിന്ന് 400 കിലോമീറ്റർ മാറിയാണിത്. ഇറ്റലിയിലെ ട്രെന്റോ സർവകലാശാലയിലെ ലോറെൻസോ ബ്രൂസോണും ലിയോനാർഡോ കാരറും ചേർന്നാണ് ചന്ദ്രനിൽ കണ്ടെത്തിയ വലിയ കുഴി ഗുഹയുടെ ഭാഗമാണെന്ന് സ്ഥിരീകരിച്ചത്. ട്രാൻക്വിലിറ്റാറ്റിസ് എന്ന പാറ സമതലത്തിലെ കുഴി റഡാർ ഉപയോഗിച്ച് തുറന്നായിരുന്നു ഗുഹ കണ്ടെത്തിയത്. ഗുഹ ഇതുവരെ പൂർണ്ണമായി പര്യവേക്ഷണം ചെയ്തിട്ടില്ല.

ചന്ദ്രോപരിതലത്തിൽ നിന്ന് 150 അടി താഴെയാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ്  ലാവ ഒഴുകി രൂപപ്പെട്ടതാണ് ഈ ​ഗുഹകളെന്നാണ് കരുതുന്നത്.  ഇത്തരത്തിൽ മറഞ്ഞിരിക്കുന്ന നൂറുകണക്കിന് ഗുഹകൾ ചന്ദ്രനിൽ ഉണ്ടെന്നുമാണ് ​ഗവേഷകർ പറയുന്നത്. ഗുഹകൾക്കുള്ളിലായിരിക്കുമ്പോൾ കോസ്മിക് രശ്മികളിൽ നിന്നും സോളാർ വികിരണങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയുമെന്നും​ അതുകൊണ്ടുതന്നെ മനുഷ്യർക്ക് താമസ യോഗ്യമായേക്കുമെന്നും​ കരുതുന്നു. വരുന്ന 20-30 വർഷത്തിനുള്ളിൽ മനുഷ്യർ ചന്ദ്രനിലെ ​ഗുഹകളിൽ ജീവിക്കാൻ സാധ്യതയുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. എന്നാൽ ഈ ഗുഹകൾ വളരെ ആഴമുള്ളതായതിനാൽ ബഹിരാകാശയാത്രികർക്ക് പുറത്തുകടക്കാൻ ലിഫ്റ്റ് പോലെയുള്ള സംവിധാനങ്ങളടക്കം സജ്ജമാക്കേണ്ടി വന്നേക്കാം. 

ചന്ദ്രനിലെ ​ഗുഹ കണ്ടെത്തിയ രീതി

ചന്ദ്രനിലെ ​ഗുഹ കണ്ടെത്തിയ രീതി

ഏകദേശം 50 വർഷം മുമ്പാണ് ചന്ദ്രനിൽ ഗുഹകൾ ഉണ്ടായിരുന്നെന്ന് ശാസ്ത്രജ്ഞർ ആദ്യം മനസ്സിലാക്കിയത്. പിന്നീട് 2010-ൽ ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ എന്ന ദൗത്യത്തിലെ ക്യാമറ ഗുഹാമുഖങ്ങളാണെന്ന് കരുതുന്ന കുഴികളുടെ ചിത്രങ്ങൾ പകർത്തി. എന്നാൽ ഈ ഗുഹകൾ എത്ര ആഴത്തിലുള്ളതായിരിക്കുമെന്നതിനെപ്പറ്റിയോ ഉള്ളിലെ സാഹചര്യത്തെപ്പറ്റിയോ വിവരങ്ങൾ ഉണ്ടായിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top