ദോഹ
പലസ്‌തീനെതിരായ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുന്നതിനിടെ ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചു. അടുത്ത ആഴ്‌ച ചർച്ചകൾ വീണ്ടും തുടരും. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് വ്യാഴാഴ്‌ച വെടിനിർത്തൽ ചർച്ചകൾ ആരംഭിച്ചത്. ഖത്തർ, ഈജിപ്‌ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ച. ഹമാസ് ചർച്ചയിൽ പങ്കെടുക്കുന്നില്ല. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങൾ സംയുക്ത പ്രസ്‌താവനയിലാണ് ചർച്ചകൾ നിർത്തിവച്ച വിവരം അറിയിച്ചത്.
ഗാസയിൽ 2023 ഒക്ടോബർ ഏഴിനുശേഷം 40005 പേർ കൊല്ലപ്പെട്ടെന്നാണ് പലസ്‌തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ജനസംഖ്യയുടെ 1.08 ശതമാനം പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണ്. ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മയിൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ–-ഇസ്രയേൽ ബന്ധം കൂടുതൽ വഷളായിരുന്നു. ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും വെടിനിർത്തൽ ചർച്ചകൾ സജീവമായത്.
വേണം വെടിനിർത്തൽ ; ഇസ്രയേലിൽ
പ്രതിഷേധറാലി
ഖത്തറിലെ വെടിനിർത്തൽചർച്ചകളിൽ അനുകൂല തീരുമാനമെടുക്കാതെ മടങ്ങി വരരുതെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിൽ ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കളുടെ മാർച്ച്. തട്ടിക്കൊണ്ടുപോയവരെ തിരികെയെത്തിക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ അവസാനത്തെ അവസരമാണ് ചർച്ചയെന്ന് ഓർമ്മപ്പെടുത്തി ഇസ്രയേലികൾ നടത്തിയ "ലാസ്റ്റ് ചാൻസ് മാർച്ചി'ൽ ടെൽ അവീവിലെ തെരുവുകൾ നിറഞ്ഞു. ഹമാസുമായി ധാരണയിലെത്താതെ തിരിച്ചുവരരുതെന്ന് ഇസ്രയേലിന്റെ പ്രതിനിധികളോട് പ്രക്ഷോഭകർ ആവശ്യപ്പെട്ടു..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..