ജറുസലേം
ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വെടിനിർത്തൽ കരാർ ഔദ്യോഗികമായി നിലവിൽ വന്നു. ഇസ്രയേൽ സുരക്ഷാകാര്യ കാബിനറ്റ് യോഗം അംഗീകരിച്ച വെടിനിർത്തൽ കരാറിന് മന്ത്രിസഭാ യോഗവും അംഗീകാരം നൽകിയതോടെ ബുധൻ പുലർച്ചെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വെടിനിർത്തൽ നിലവിൽവന്ന് മണിക്കൂറുകൾക്കകം തെക്കൻ ലബനൻ മേഖലയിൽ നിന്ന് പലായനം ചെയ്‌തവർ കൂട്ടത്തോടെ തിരിച്ചെത്തി തുടങ്ങി. എന്നാൽ വെടിനിർത്തൽ കരാർ എത്രകാലം നിലനിൽക്കുമെന്ന് ആശങ്കയുണ്ട്. ഇസ്രയേൽ സൈന്യം പൂർണ്ണമായും പിൻമാറുന്നതുവരെ തെക്കൻ ലബനനിലെ അതിർത്തി മേഖലയിലെ വീടുകളിലേക്ക് ജനങ്ങൾ വരരുതെന്ന് ലബനീസ് സൈന്യം മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്‌ച ലബനനിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. തുർക്കിയയും ഇറാനും ഫ്രാൻസും വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്‌തു. ലബനന്റെ ചുവടുപിടിച്ച് ഗാസയിലും വെടിനിർത്തൽ കരാർ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പലസ്‌തീൻ ജനത.
തെക്കൻ ലബനനില്‍
വെടിവയ്‌പ്
തെക്കൻ ലബനനിലെ നിയന്ത്രിത മേഖലയിൽ പ്രവേശിച്ച കാറുകൾക്കു നേരെ ബുധനാഴ്‌ച വെടിയുർത്തതതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. സൈന്യത്തിന്റെ നിർദേശം ലംഘിച്ചതിനാലാണ് വെടിവയ്‌പുണ്ടായതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രയേൽ അവകാശപ്പെട്ടു.
14 മാസം, 3823 മരണം
പതിനാല് മാസമായി തുടർന്ന ഇസ്രയേൽ–- ഹിസ്‌ബുള്ള സംഘർഷത്തിൽ ലബനനിൽ കൊല്ലപ്പെട്ടത് 3823 പേർ. 2023 ഒക്ടോബർ എട്ടിന് തുടങ്ങിയ അതിർത്തിക്ക് ഇരുവശത്തുനിന്നുമുള്ള വെടിവയ്പ് സെപ്തംബറിൽ ഇസ്രയേൽ വ്യാപക മിസൈൽ ആക്രമണം ആരംഭിച്ചതോടെ രൂക്ഷമായി. തുടർന്ന് കരയാക്രമണവും ആരംഭിച്ചു.
ഇസ്രയേൽ ആക്രമണം ലബനനിൽ 850 കോടി ഡോളറിന്റെ നാശമുണ്ടാക്കിയതായാണ് കണക്ക്. ലക്ഷം വീടെങ്കിലും ഭാഗികമായോ പൂർണമായോ തകർന്നു. 12 ലക്ഷം പേർക്ക് പലായനം ചെയ്യേണ്ടിവന്നു. ഇസ്രയേൽ 14,000 വ്യോമാക്രമണങ്ങളാണ് ലബനനിലേക്ക് നടത്തിയത്. ഹിസ്‌ബുള്ള ഇസ്രയേലിലേക്ക് 2000 ആക്രമണങ്ങൾ നടത്തി. 80- ഇസ്രയേൽ സൈനികരും 47 സാധാരണക്കാരും കൊല്ലപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..