ഷിക്കാഗോ
‘ബൈഡൻ, നിങ്ങൾക്ക് ഒളിക്കാനാകില്ല. ഞങ്ങൾ നിങ്ങൾക്ക് വംശഹത്യാ കുറ്റം ചാർത്തുന്നു’–- ഷിക്കാഗോയിലെ ഡെമോക്രാറ്റിക് ദേശീയ കൺവൻഷൻ വേദിയിലേക്ക് ഇരച്ചെത്തിയ ആയിരങ്ങൾ ഡ്രമ്മുകൾ കൊട്ടിയും പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ഗാസയിൽ അമേരിക്കൻ സഹായത്തോടെ തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തിനെതിരെയായിരുന്നു ജനകീയ പ്രതിഷേധം.
‘നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പ്രസിഡന്റ് ജോ ബൈഡൻ പിന്മാറിയതുകൊണ്ടുമാത്രം പ്രതിഷേധം അവസാനിപ്പിക്കില്ല. കമല ഹാരിസിനെ പകരം സ്ഥാനാർഥിയാക്കിയതുകൊണ്ടുമാത്രം ഗാസയിലെ ജനങ്ങളോടുള്ള മനോഭാവം മാറില്ല’–- പ്രക്ഷോഭകർ വിളിച്ചുപറഞ്ഞു.
വേദിക്ക് സമീപം പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് അകത്ത് കടന്ന ചിലരെ പൊലീസ് അറസ്‌റ്റ് ചെയ്തു. ‘അധിനിവേശം ഉടൻ അവസാനിപ്പിക്കുക’, ‘ലോകം നിങ്ങളെ കാണുന്നുണ്ട്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭകർ എത്തിയത്. ഷിക്കാഗോയിൽ ഇതിനുമുമ്പ് ഡെമോക്രാറ്റിക് ദേശീയ കൺവൻഷൻ നടന്ന 1968ലും വേദിയിലേക്ക് സമാനരീതിയിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വിയറ്റ്‌നാം യുദ്ധത്തിലെ അമേരിക്കയുടെ പങ്കിനെതിരെ നടന്ന അന്നത്തെ പ്രതിഷേധം പൊലീസുമായി ഏറ്റുമുട്ടലിൽ കലാശിച്ചു.
6 ബന്ദികളുടെ
മൃതദേഹം
കണ്ടെടുത്തെന്ന് ഇസ്രയേൽ
ഒക്ടോബർ ഏഴിന് ഹമാസ് ബന്ദിയാക്കിയവരിൽ ആറുപേരുടെ മൃതദേഹം കണ്ടെടുത്തെന്ന് ഇസ്രയേൽ സൈന്യം. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. എന്നാൽ, ഇവർ എപ്പോഴാണ് മരിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.അതിനിടെ, വെടിനിർത്തൽ നടപ്പാക്കുന്നതിലെ ഭിന്നതകൾ പരിഹരിക്കാനുള്ള പുതിയ നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിച്ചതായി അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഹമാസും ഈ പാത പിന്തുടരണമെന്നും ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഈജിപ്തിലെത്തിയ അദ്ദേഹം വെടിനിർത്തൽ ചർച്ചകളുടെ പുരോഗതി സംബന്ധിച്ച് പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസിയുമായി ചർച്ച നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..