ബീജിങ്
ചൈനയിലെ സോഷ്യലിസ്‌റ്റ് വ്യവസ്ഥയ്‌ക്കും കമ്യൂണിസ്‌റ്റ് പാർടി നേതൃത്വത്തിനും ഏത് വെല്ലുവിളിയേയും ചെറുത്തുതോൽപ്പിക്കാനാകുമെന്ന് കോവിഡിനെതിരെ നടത്തിയ പോരാട്ടം ഒരിക്കൽക്കൂടി തെളിയിച്ചതായി പ്രസിഡന്റ് ഷീ ജിൻപിങ് പറഞ്ഞു. ചൈനയിലെ കമ്യൂണിസ്‌റ്റ് ഇതര കക്ഷികളുടെയും വാണിജ്യ, വ്യാപാര സംഘടനകളുടെയും പ്രതിനിധികളുടെ നിർദേശങ്ങൾ ക്ഷണിച്ച് സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പാർടികളുടെ കേന്ദ്ര
കമ്മിറ്റി അംഗങ്ങൾക്ക് പുറമേ കക്ഷിരാഷ്‌ട്രീയ ബന്ധമില്ലാത്ത നിരവധിയാളുകളും പങ്കെടുത്തു.
ചൈന ഒരു മാസം കൊണ്ട് വൈറസ് വ്യാപനം നിയന്ത്രിക്കുകയും രണ്ട് മാസം കൊണ്ട് പുതിയ രോഗികളുടെ എണ്ണം ഒറ്റ അക്കത്തിലേക്ക് താഴ്‌ത്തുകയും ചെയ്‌തു. രോഗത്തിന്റെ പ്രഭവകേന്ദ്രങ്ങളായ വുഹാൻ നഗരത്തെയും ഹൂബെയ് പ്രവിശ്യയെയും സംരക്ഷിക്കുന്നതിൽ മൂന്ന് മാസം കൊണ്ട് നിർണായക നേട്ടം കൈവരിച്ചു. 140 കോടി ജനങ്ങളുള്ള ഇത്ര വലിയ ഒരു രാജ്യത്ത് ഇത് കഠിനമായ പോരാട്ടത്തിലൂടെ നേടിയ വിജയമാണ്. മാനവ നാഗരികതയുടെ പുരോഗതിയിൽ വലിയ സംഭാവനയാണ് ചൈന നൽകുന്നതെന്നും ഷീ പറഞ്ഞു.
ഹൂബെയ്‌യിലും അതിന്റെ തലസ്ഥാനമായ വുഹാനിലും ജനുവരി 23 മുതൽ പൂർണ അടച്ചുപൂട്ടൽ ഏർപ്പെടുത്തിയതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏറ്റവും മികച്ച 42000 ആരോഗ്യ പ്രവർത്തകരെ ഇവിടേക്ക് വിന്യസിച്ചതിനെയും സിമ്പോസിയത്തിൽ നിരവധി നേതാക്കൾ അഭിനന്ദിച്ചു. ഉത്തരവാദിത്തബോധമുള്ള ഒരു പ്രധാന രാജ്യമാണെന്ന് ചൈന തെളിയിച്ചതായും അവർ പറഞ്ഞു.
പുതിയ കൊറോണ വൈറസിന്റെ പൂർണ ജനിതകശ്രേണി കണ്ടെത്തുന്നതിനും അതിനെ വേർതിരിക്കുന്നതിനും ചൈനയ്‌ക്ക് ഒരാഴ്‌ച പോലും വേണ്ടിവന്നില്ല. വിവിധ പരിശോധനാ കിറ്റുകൾ ഉൽപാദിപ്പിക്കുകയും ഫലപ്രദമായ നിരവധി മരുന്നുകളും ചികിത്സകളും അതിവേഗം തെരഞ്ഞെടുക്കുകയും ചെയ്‌തു. വിവിധ തരം വാക്‌സിനുകൾ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങിയതും സിമ്പോസിയത്തിൽ ചർച്ചയായി.
അതേസമയം അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വെള്ളിയാഴ്‌ചയും ചൈനയ്‌ക്കെതിരെ വിദ്വേഷപ്രചാരണം ആവർത്തിച്ചു. വുഹാനിലെ ലാബിന്റെ പ്രവർത്തനം വേണ്ടത്ര നിലവാരമില്ലാത്തതാണെന്നതിന് വൻതോതിൽ തെളിവുകൾ താൻ കണ്ടിട്ടുണ്ടെന്ന അവകാശവാദം ആവർത്തിച്ച പോംപിയോ ‘ഇവിടെ നിന്നാവാം’ വൈറസ് ഉണ്ടായതെന്നും സംശയം പ്രകടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..