ബീജിങ്>പാകിസ്ഥാനിലേക്ക് സൈന്യത്തെ വിന്യസിക്കുന്ന കാര്യം പരിഗണനയിലെന്ന് ചൈന. ചൈന-–-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ വേണ്ടിയാണ് പാകിസ്ഥാനിലേക്ക് സൈന്യത്തെ വിന്യസിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ചൈന പറഞ്ഞത്. ഒക്ടോബർ 6- ഞായറാഴ്‌ച ഗ്വാദറിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ചാവേർആക്രമണത്തിൽ രണ്ട് ചൈനീസ് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഇത് ചെെനയുടെ സുരക്ഷാ ആശങ്കകൾ ഉയർത്തിയതായി റിപ്പോർട്ട്.
സൈനികരെ വിന്യസിക്കാൻ സാധ്യതയുള്ളതുൾപ്പെടെ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ കൂടുതൽ നേരിട്ടുള്ള നടപടി സ്വീകരിക്കാൻ ചൈന തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. പാകിസ്ഥാനും സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാൻ പാകിസ്ഥാനുമായി ചേർന്ന് തീരുമാനം കൈകൊള്ളാനും ചെെന ഒരുങ്ങുന്നുണ്ട്. മൊബൈൽ സുരക്ഷാ ഉപകരണങ്ങളും ബാലിസ്റ്റിക് പ്രൊട്ടക്റ്റീവ് വാഹനങ്ങളും ഉൾപ്പെടെയുള്ള സുരക്ഷാ പദ്ധതികളാണ് ചൈന മുന്നോട്ടു വെക്കുന്നത്. നിലവിൽ പാക്കിസ്ഥാനിൽ ഏകദേശം 30,000 ചൈനീസ് പൗരന്മാരാണ് ജോലി ചെയ്യുന്നത്.
2015-ൽ സിപിഇസി തുടങ്ങിയതിനുശേഷം, ചൈന ഏകദേശം 62 ബില്യൺ യുഎസ് ഡോളർ പാക്കിസ്ഥാനിൽ നിക്ഷേപിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..