ബീജിങ്
ദരിദ്ര രാജ്യങ്ങളെ വിപണിയിലേക്ക് കൂടുതൽ ആകർഷിക്കാൻ ‘സീറോ താരിഫ്’ നയവുമായി ചൈന. തങ്ങളുമായി നയതന്ത്രബന്ധമുള്ള, വികസനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്കാണ് സമ്പൂർണ നികുതിരഹിത പ്രവേശനം അനുവദിക്കുന്നത്. ഇവിടങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന 100 ശതമാനം വസ്തുക്കൾക്കും ‘സീറോ താരിഫ്’ നയത്തിന്റെ ഗുണഫലങ്ങൾ ലഭിക്കും. ചൈനയുടെ കസ്‌റ്റംസ് താരിഫ് കമീഷൻ സെപ്തംബറിൽ പ്രഖ്യാപിച്ച നയം ഡിസംബർ ഒന്നിന് നിലവിൽ വരും.
ദരിദ്ര രാഷ്ട്രങ്ങൾക്ക് വലിയ സാമ്പത്തികനേട്ടമുണ്ടാക്കുന്ന നയമാണിതെന്ന് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില ഭാഗങ്ങളിൽനിന്നുള്ള ചരക്ക് ഗതാഗതത്തിന്റെ ചെലവും കുറയ്ക്കും.ആഫ്രിക്കയിലെ 33 രാഷ്ട്രങ്ങൾക്ക് നയത്തിന്റെ ഗുണഫലം ലഭിക്കും. യെമൻ, കിരിബാതി, സോളമൻ ഐലൻഡ്‌സ്, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, കംബോഡിയ, ലാവോസ്, മ്യാന്മർ, നേപ്പാൾ, കിഴക്കൻ തിമോർ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള 98 ശതമാനം വസ്തുക്കളെയും നേരത്തേതന്നെ ചൈന സീറോ താരിഫ് ഇറക്കുമതി ഇനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് 100 ശതമാനമായി വർധിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..