വാഷിങ്‌ടൺ
ഭൂമിയിൽ മാത്രമാണ് ക്രിസ്‌മസ് ആഘോഷമുള്ളതെന്ന് കരുതിയെങ്കിൽ തെറ്റി. അങ്ങ് ബഹിരാകാശത്തും ക്രിസ്‌മസ് ട്രീയും വിഭവങ്ങളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ സുനിതാ വില്യംസിന്റെ നേതൃത്വത്തിലാണ് ആഘോഷം. രണ്ട് മിനിട്ട് നീളുന്ന ആശംസാ വീഡിയോയും ക്രിസ്‌മസ് വിഭവങ്ങൾ ഒരുക്കുന്ന ചിത്രവും അവർ എക്‌സിൽ പങ്കു വച്ചു. ക്രിസ്‌മസ് അവധി ആഘോഷിക്കാൻ ഒരുങ്ങുന്ന കുടുംബാംഗങ്ങൾക്കും നാസയിൽ അവധി ഇല്ലാതെ ജോലിചെയ്യുന്ന ശാസ്‌ത്രജ്‌ഞർക്കും ആശംസ അറിയിച്ചിട്ടുണ്ട്. സമ്മാനപ്പെട്ടിയും സംഘം ഉയർത്തിക്കാട്ടി. കുടുംബാംഗങ്ങളോടൊപ്പം ക്രിസ്‌മസ് ആഘോഷിച്ച അനുഭവങ്ങളും വീഡിയോയിൽ പങ്കുവച്ചു. സുനിതയുടേയും ബുച്ച് വിൽമോറിന്റേയും ഭൂമിയിലേക്കുള്ള മടക്കം അനശ്‌ചിതത്വത്തിലാണ്. ഇരുവരേയും മടക്കിക്കൊണ്ടു വരുന്നതിനുള്ള സ്‌പേസ് എക്‌സ്‌ക്രൂ ഡ്രാഗൺ പേടകം തയ്യാറാകുന്നത് വൈകുന്നതിനാലാണിത്. ബോയിങ് സ്‌റ്റാർലൈനർ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ജൂൺ അഞ്ചിനാണ് ഇരുവരും നിലയത്തിലേക്ക് പുറപ്പെട്ടത്. സ്റ്റാർലൈനർ പേടകത്തിന് ഗുരുതര സാങ്കേതിക തകരാറുണ്ടായതാണ് പ്രശ്‌നം സൃഷ്ടിച്ചത്. നിലവിൽ സുനിതയടക്കം ഏഴുപേരാണ് നിലയത്തിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..