ഡമാസ്കസ്
ഭീകരര്‍ ഭരണം പിടിച്ച സിറിയയില്‍ ക്രിസ്‌മസ് തലേന്ന് ക്രിസ്‌മസ് ട്രീ കത്തിച്ചു. ക്രിസ്ത്യൻ ഭൂരിപക്ഷ നഗരമായ സുഖാലബിയ്യയിലെ പ്രധാന വീഥിയിലെ ക്രിസ്‌മസ് ട്രീയാണ് മുഖംമൂടി ധരിച്ചെത്തിയ ആക്രമികള്‍ കത്തിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിലടക്കം പ്രചരിച്ചതിനെ തുടർന്ന് നുറുകണക്കിന് ആളുകൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. സിറിയയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഡമാസ്കസ്, ഹമാ നഗരങ്ങളിലും പ്രതിഷേധമുണ്ടായി. മറ്റ് സ്ഥലങ്ങളിൽനിന്നും ജനങ്ങൾ ഐക്യദാർഢ്യം അറിയിച്ച് സുഖാലബിയ്യയിൽ എത്തി. നഗരവീഥികളിൽ ജനങ്ങൾ കുരിശേന്തി പ്രകടനം നടത്തി. ‘സിറിയ സ്വതന്ത്രമാണ്, സിറിയക്കാർ അല്ലാത്തവർ രാജ്യംവിട്ടുപോവുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ചിലയിടങ്ങളിൽ മുസ്ലിം മതനേതാക്കൾ കുരിശേന്തി പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ചിത്രം പാശ്ചാത്യ മാധ്യമങ്ങൾ പുറത്തുവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..