ധാക്ക > ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ ഇസ്‌കോൺ നേതാവ് ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ തുടർന്ന് നടന്ന സംഘർഷത്തിൽ അഭിഭാഷകൻ കൊല്ലപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്‌ലാം അലിഫ് ആണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ സെയ്ഫുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അഭിഭാഷകന്റെ മരണത്തോടെ സംഘർഷം രൂക്ഷമായി. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലും ചിറ്റഗോംഗിലും അധിക സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.കൊലപാതകത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ചത്തെ കോടതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ചിറ്റഗോംഗ് ബാർ അസോസിയേഷൻ തീരുമാനിച്ചതായി ചിറ്റഗോംഗ് ബാർ അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്‌റഫ് ഹുസൈൻ റസാഖ് പറഞ്ഞു
ചിൻമോയ് കൃഷ്ണയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റഗോങ്ങിൽ ആയിരക്കണക്കിന് ആളുകളാണ് കോടതി വളപ്പിൽ തടിച്ചുകൂടിയത്. ഇന്നലെ ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കോടതിയിൽ നിന്ന് ചിൻമോയ് കൃഷ്ണയെ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ പ്രതിഷേധക്കാർ പൊലീസ് വാഹനം തടഞ്ഞു. രണ്ട് മണിക്കൂർനീണ്ട സംഘർഷത്തിനൊടുവിലാണ് ഇയാളെ ജയിലിലെത്തിക്കാനായത്. ബംഗ്ലാദേശിന്റെ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നതാണ് ചിൻമോയ് കൃഷ്ണയ്ക്കെതിരെയുള്ള കേസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..