മെക്സിക്കോ സിറ്റി
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷത്തിന്റെ ക്ലോഡിയ ഷെയ്‌ൻബാം പാര്‍ദോ അധികാരമേറ്റു. സ്വതന്ത്രമായി 200 വര്‍ഷം പിന്നിടുമ്പോഴാണ് രാജ്യത്തിന് വനിതാ പ്രസിഡന്റിനെ ലഭിക്കുന്നത്. മെക്‌സിക്കോയുടെ പ്രതിനിധിസഭയായ ലസാറൊ ലെജിസ്ലേറ്റീവ് പാലസിൽ ചൊവ്വാഴ്‌ച നടന്ന ചടങ്ങിൽ അധികാരചിഹ്നമായ അങ്കി ക്ലോഡിയയെ അണിയിച്ചു. പോരാടുന്ന എല്ലാ സ്ത്രീകൾക്കുമായി ക്ലോഡിയ തന്റെ വിജയം സമർപ്പിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടില്ലെന്ന നിര്‍ണായക പ്രഖ്യാപനവും അവര്‍ നടത്തി. പെട്രോളിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലനിയന്ത്രണം, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള സാമ്പത്തികസഹായം, അടിസ്ഥാനസൗകര്യ വികസന പദ്ധതികളും പ്രഖ്യാപിച്ചു.
ചടങ്ങിൽ ഇന്ത്യയുടെ പ്രതിനിധിയായി വിദേശ സഹമന്ത്രി പബിത്ര മാർഗരീറ്റ പങ്കെടുത്തു. മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ ക്ലോഡിയ വിജയിച്ചത്. ആന്ദ്രെസ് മാനുവൽ ലോപസ് ഒബ്രദോറിന്റെ പിൻഗാമിയായാണ് അറുപത്തിയൊന്നുകാരിയായ കാലാവസ്ഥാശാത്രജ്ഞ അധികാരമേറ്റത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..