ന്യൂഡൽഹി
കോൺഗ്രസിന്റെ സങ്കുചിത നിലപാടുകളും അവസരവാദ രാഷ്‌ട്രീയവും പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മയെ ദുർബലപ്പെടുത്തുന്നു. ഇന്ത്യ കൂട്ടായ്‌മയിലെ അംഗങ്ങളെയും ഇതര പ്രതിപക്ഷ പാർടികളെയും കൂടെനിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നില്ല. മധ്യപ്രദേശിൽ സമാജ്‌വാദി പാർടിയുടെ സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ഒടുവിലത്തെ ഉദാഹരണം. സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതിഷേധിച്ചപ്പോൾ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്തത്. തുടർന്ന് ജാതി സെൻസസ് വിഷയത്തിലടക്കം കോൺഗ്രസ് നിലപാടിലെ ആത്മാർഥത അഖിലേഷ് ചോദ്യം ചെയ്‌തു. ലോക്‌സഭ തെരഞ്ഞെടുപ്പിനു മാത്രമായി ഇന്ത്യ കൂട്ടായ്‌മയുടെ ആവശ്യമില്ലെന്നും പറഞ്ഞു.
കർണാടകത്തിൽ ജെഡിഎസിനെ ബിജെപി പാളയത്തിൽ എത്തിച്ചതും കോൺഗ്രസ് നേതാക്കളുടെ ചെയ്‌തികളാണ്. 2018ൽ രൂപംകൊണ്ട കുമാരസ്വാമി സർക്കാരിന് കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്–- ജെഡിഎസ് സഖ്യം തുടർന്നെങ്കിലും പ്രകടനം ദയനീയമായി. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് കാട്ടിയ പിടിവാശിയാണ് കാരണമെന്ന് ജെഡിഎസ് കുറ്റപ്പെടുത്തി. പിന്നീട് കർണാടകത്തിൽ ജെഡിഎസിനെ ഒപ്പം നിർത്താൻ കോൺഗ്രസിനായില്ല. കേരളത്തിലാകട്ടെ എൽഡിഎഫിന്റെ ശക്തമായ നിലപാടുകൾ ജെഡിഎസിനെ ആകർഷിച്ച് നിർത്തുന്നു.
ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാർ പട്‌നയിൽ വിളിച്ചുചേർത്ത യോഗത്തിൽനിന്നായിരുന്നു ഇന്ത്യ കൂട്ടായ്‌മയുടെ തുടക്കം. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, പൗരത്വനിയമ ഭേദഗതി, കാർഷികനിയമങ്ങൾ എന്നീ വിഷയങ്ങളിൽ അതിശക്തമായ പ്രക്ഷോഭം അലയടിച്ചപ്പോൾ പ്രതിപക്ഷ കക്ഷികളെ അണിനിരത്താൻ കോൺഗ്രസ് മുൻകൈ എടുത്തില്ല. കർഷക പ്രക്ഷോഭം വിജയിച്ചതാണ് ജനകീയ ചെറുത്തുനിൽപ്പുകൾ പ്രസക്തമാണെന്ന സന്ദേശം രാജ്യത്തിന് നൽകിയത്. കോൺഗ്രസാകട്ടെ മൃദുഹിന്ദുത്വ നയങ്ങൾ വഴി ബിജെപിയെ നേരിടാമെന്ന വ്യാമോഹത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..