മുംബൈ> വിവാഹിതരായിരുന്നാലും അല്ലെങ്കിലും പ്രായപൂര്‍ത്തിയാകാത്ത കാലത്തെ ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പിരധിയില്‍ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയില്‍ യുവാവിന് കോടതി 10 വര്‍ഷം തടവ് വിധിച്ചു. ഭാര്യയാണെന്നും ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നു എന്നുമുള്ള വാദം കോടതി തള്ളി.
18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് ജസ്റ്റിന് ജി.എ സനാപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഭാര്യയുടെയോ ഭാര്യയെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെയോ പ്രായം 18 വയസ്സിന് താഴെയായിരിക്കുമ്പോള്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന വാദം നിലനിൽക്കില്ല. ഇതിന് നിയമപരമായി സാധുതയില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.
പരാതിക്കാരിയായ പെണ്‍കുട്ടിയെ യുവാവ് നിര്‍ബന്ധിത ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നതാണ് കേസ്. പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷത്തെ കഠിന തടവ് ശരിവെച്ച് കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
പീഡനം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ ബന്ധത്തില്‍ യുവതി ഗര്‍ഭിണിയായി. യുവാവ് പിന്നീട് പരാതിക്കാരിയെ വിവാഹം ചെയ്തു. എന്നാല്‍ ദാമ്പത്യബന്ധം നിലനിന്നില്ല.നിർബന്ധിത ബന്ധം വഷളായതോടെ യുവതി ഇയാള്‍ക്കെതിരേ പരാതി നല്‍ക്കുകയായിരുന്നു. പ്രതിയും ഇരയും ഈ ബന്ധത്തില്‍ ജനിച്ച ആണ്‍കുഞ്ഞിന്റെ മാതാപിതാക്കളാണെന്ന ഡിഎന്‍എ റിപ്പോര്‍ട്ട് കേസിന് പിൻബലമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..