22 November Friday

കൊറോണ: മരണം 1367, രോഗം 60,000 പേര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

ബീജിങ്
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് -19 (കൊറോണ) രോഗം ആഗോളതലത്തിൽ 60,000 പേർക്ക് ബാധിച്ചു. ചൈനയിൽ മരണം 1367 ആയി. 50,804 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഹുബായ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം. ഹോങ്‌കോങ്ങിൽ 51 പേർക്ക് രോഗമുണ്ട്. ഒരു മരണം സംഭവിച്ചു. തായ്‌ലൻഡ് -33, ദക്ഷിണകൊറിയ- 28, മലേഷ്യ -18, തയ്‌വാൻ -18, വിയറ്റ്‌നാം- 16, ഓസ്‌ട്രേലിയ -14, അമേരിക്ക -14, ഇറ്റലി- 2, റഷ്യ -2, നേപ്പാൾ -1, ശ്രീലങ്ക -1 എന്നിങ്ങനെയാണ് രോഗബാധ.

ജപ്പാനിലെ കപ്പലില്‍  218 പേര്‍ക്ക് രോഗം


ടോക്യോ

ജപ്പാന്‍തീരത്ത് തമ്പടിച്ച ആഡംബര കപ്പലില്‍ 218 പേരില്‍ കോവിഡ് -19 സ്ഥിരീകരിച്ചു. കപ്പലിലെ മുതിര്‍ന്ന പൗരന്മാരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റാനും തീരുമാനമായി. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥീരികരിച്ചത് ഡയമണ്ട് പ്രിന്‍സസ് എന്ന ഈ കപ്പലിലാണ്. കപ്പലിലെ സ്ഥിതി ദിവസംതോറും വഷളായിക്കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ പേരിലേക്ക് രോഗം അതിവേഗത്തിലാണ് പടരുന്നതെന്നും ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. കപ്പലില്‍ 138 ഇന്ത്യക്കാരുണ്ട്. ഇവരില്‍ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ അന്ത്യം പ്രവചിക്കാനായിട്ടില്ല

ന്യുയോര്‍ക്ക്
കൊറോണ വൈറസ് ബാധയാല്‍ ഉണ്ടാകുന്ന രോഗം കോവിഡ്-19 എന്ന് ശമിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്ന് ലോകാരോഗ്യസംഘടന. രോഗത്തിന്റെ ആവിര്‍ഭാവം, അവസാനം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴത്തേത്. രോഗം ലോകത്തിന്റെ ഏതുഭാഗത്തേക്കും പടരാവുന്ന ഘട്ടമാണ്. അന്താരാഷ്ട്രതലത്തില്‍ രോഗത്തിനെതിരായ ഐക്യദാര്‍ഢ്യം വളരണമെന്നും സംഘടന ചൂണ്ടിക്കാട്ടി.

കപ്പല്‍ ഒടുവില്‍ കംബോഡിയയില്‍


ബീജിങ്
കൊറോണ വൈറസ് ഭീതി പരന്നതോടെ തീരത്തടുക്കാനാകാതെ കടലില്‍ കറങ്ങിനടന്ന കപ്പല്‍ ഒടുവില്‍ കംബോഡിയ തീരത്ത് അടുപ്പിച്ചു. ഏഷ്യന്‍തീരമേഖലയില്‍ സഞ്ചരിച്ച കപ്പലിന് അഞ്ച്‌ തുറമുഖം പ്രവേശനാനുമതി നിഷേധിച്ചു. 2000 പേരുള്ള കപ്പലില്‍ ആര്‍ക്കും കൊറോണ ബാധയില്ല. കപ്പലിന് തീരത്ത് നങ്കൂരമിടാന്‍ അനുവാദംനല്‍കിയ കംബോഡിയ സര്‍ക്കാരിനെ ലോകാരോഗ്യസംഘടന അഭിനന്ദിച്ചു. തായ്‌ലന്‍ഡ്, തയ്‌വാന്‍, ഗുവാം, ഫിലിപ്പീന്‍സ്‌, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളാണ് കപ്പലിന് പ്രവേശനം നിഷേധിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top