തിരുവനന്തപുരം> സംസ്‌ഥാനത്ത് മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ രണ്ടുമാസത്തെ ഇടവേളകള്‍ക്കു ശേഷം ഇന്നു തുടങ്ങും. കോവിഡിനിടെ അതീവ സുരക്ഷയോടെയാണ് പരീക്ഷകള്‍ നടത്തുക. മേയ് 26 മുതല്‍ മേയ് 30 വരെയാണ് പരീക്ഷകള്‍. കൊവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണ അടച്ചിടലില്‍ ആയതോടെയാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 13.5 ലക്ഷം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തൊട്ടാകെ പരീക്ഷ എഴുതുന്നത്. എസ്എസ്എല്‍സി കണക്കു പരീക്ഷ ഉച്ചയ്ക്ക് 1.45 നാണ് ആരംഭിക്കുക. പ്ലസ്ടു പരീക്ഷ രാവിലെ 9.45 നും ആരംഭിക്കും. പരീക്ഷ നടക്കുന്ന സ്‌കൂളുകളില്‍ അണുനശീകരണം പൂര്‍ത്തിയായി. കുട്ടികൾ രാവിലെ മുതൽ എത്തിതുടങ്ങി . കുട്ടികളുടെ ശരീരോഷ്‌മാവ് പരിശോധിച്ചു.
വിദ്യാര്‍ഥികളും ഒപ്പം വരുന്ന രക്ഷിതാക്കളും സ്‌കൂളിലെ ജീവനക്കാരും മാസ്‌ക് ധരിക്കണം. വിദ്യാര്‍ഥിയ്ക്ക് ഒപ്പം ഒരു രക്ഷിതാവ് മാത്രമേ പാടുള്ളൂ. രക്ഷിതാക്കൾ സ്‌കൂൾ വളപ്പിൽ പ്രവേശിക്കരുത്. പരീക്ഷക്ക് മുമ്പും ശേഷവും ക്ലാസ് മുറികൾ അനുനശീകരണം നടത്തും.
പരീക്ഷയ്ക്ക് ഒരു മുറിയില്‍ ഇരിക്കാവുന്ന പരമാവധി വിദ്യാര്‍ഥികളുടെ എണ്ണം 20 ആയിരിക്കും. സ്‌കൂളിലേക്കുള്ള യാത്രയിലും തിരിച്ചുള്ള യാത്രയിലും മാസ്‌ക് നിര്‍ബന്ധമാണ്. വിദ്യാര്‍ഥികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം. പനി, ചുമ തുടങ്ങിയ രോഗലക്ഷണം ഉള്ളവരെ പ്രത്യേക മുറിയ്ക്കുള്ളില്‍ ഇരുത്തി പരീക്ഷയെഴുതിക്കും. പേന, പെന്‍സില്‍ തുടങ്ങിയവ പരസ്പരം കൈമാറാന്‍ അനുവദിക്കില്ല. പരീക്ഷയ്ക്കു ശേഷം ഉത്തരക്കടലാസ് നിര്‍ദേശിക്കുന്ന പ്ലാസ്റ്റിക് കവറില്‍ ഇടണംയിട്ടുണ്ട്. കുട്ടികളുമായുള്ള വാഹനങ്ങള്‍ ഒരിടത്തും തടയരുതെന്നും ഇക്കാര്യം ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പാക്കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്കും ഹോം ക്വാറന്റൈനില്‍ കഴിയുന്ന ആളുകളുള്ള വീട്ടില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സൗകര്യം ലഭ്യമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കും. വിദ്യാർഥികൾക്കുള്ള മാസ്‌കുകളും ആരോഗ്യ നിർദ്ദേശങ്ങളടങ്ങിയ ലഘുരേഖയും കുട്ടികളുടെ വീടുകളിൽ എത്തിച്ചിരുന്നു.ഏഴ്‌ദിവസത്തിന് ശേഷം മൂല്യനിർണയം തുടങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..