26 December Thursday

ഖത്തറില്‍ കടകള്‍ അടച്ചു; വാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ പാടില്ല

അനസ് യാസിന്‍Updated: Tuesday May 19, 2020


മനാമ>  ഖത്തറില്‍ മെയ് 30 വരെ എല്ലാ കടകളും അടച്ചിടാനും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ചൊവ്വാഴ്ച  തീരുമാനം നിലവില്‍ വന്നു. ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പഴം-പച്ചക്കറി കടകള്‍, ഫാര്‍മസികള്‍, ഡെലിവറി നല്‍കുന്ന റെസ്റ്ററണ്ടുകള്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കി.
തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അസാധാരണ മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. കൊറോണവൈറസ് നിയന്ത്രണത്തിന്റെ ഭാഗമായാണ് പെരുന്നാള്‍ അവധി ദിവസങ്ങളില്‍ അടക്കം നിയന്ത്രണം നടപ്പാക്കാന്‍ തീരുമാനിച്ചത്.

വീടുകളില്‍ നിന്ന് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പുറത്ത് പോകുന്നവര്‍  EHTERAZ ആപ് തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഈ മാസം 22 മുതല്‍ അനിശ്ചിത കാലത്തേക്ക് ഈ തീരുമാനം ബാധകമാണ്.

കാറില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. ടാക്‌സികള്‍, ലിമോസിന്‍, കുടുംബ ഡ്രൈവര്‍ ഓടിക്കുന്ന വീട്ടിലെ വാഹനങ്ങള്‍ എന്നിവയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അനുവാദമുണ്ട്. ബസില്‍ നിലവിലുള്ള ശേഷിയുടെ പകുതി ആളുകളേ പാടുള്ളൂ.

പ്ലംബിംഗ്, ഇലക്ട്രിക്കല്‍ തുടങ്ങിയ മെയ്ന്റനന്‍സ് സേവനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. വ്യാവസായിക മേഖലകളിലെ കമ്പനികള്‍ക്കും കോണ്‍ട്രാക്ടിംഗ് കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. അതുപോലെ ധനകാര്യ സ്ഥാപനങ്ങളെയും ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി.
ആവശ്യമായ മുന്‍കരുതല്‍ എടുത്ത് തങ്ങളുടെ താമസ കേന്ദ്ര പരിധിയില്‍ വ്യായാമത്തിന് അനുവാദമുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടം പാടില്ല. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്കാണ് ഈ നിര്‍ദേശം.

ഈ തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോ നിയമ പ്രകാരം മൂന്നു വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top