23 December Monday
മക്കയിൽ കർഫ്യൂ തുടരും

സൗദിയിലും ദുബായിലും നിയന്ത്രണങ്ങളില്‍ ഇളവ്; വ്യാപാര സ്‌ഥാപനങ്ങളും ഓഫീസുകളും തുറക്കും

അനസ് യാസിന്‍Updated: Wednesday May 27, 2020


റിയാദ്‌>  സൗദിയിലും ദുബായിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഘട്ടം ഘട്ടമായി സാമ്പത്തിക, വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.സൗദിയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂവില്‍ വ്യാഴാഴ്ച മുതല്‍ ഇളവ് വരുത്തിയതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. മക്ക ഒഴികെയുള്ള പ്രദേശങ്ങളില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് മൂന്നുവരെ യാത്ര അനുവദിക്കും. ഞായറാഴ്ച മുതല്‍ രാത്രി എട്ടുവരെ സഞ്ചാര സ്വാതന്ത്ര്യമുണ്ട്. മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും തുറക്കും.

ഓഫീസ് ജോലിക്കുള്ള വിലക്ക് നീക്കി. മക്ക ഒഴികെ എല്ലാ ആരാധനാലയങ്ങളിലും ഞായറാഴ്ച മുതല്‍ ജുമുഅ, ജമാഅത്ത് പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നല്‍കി. ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. റസ്‌റ്റൊറണ്ടുകള്‍ക്കും കഫേകള്‍ക്കും ആളുകളെ പ്രവേശിപ്പിക്കാം. ആരോഗ്യ മന്ത്രാലയത്തിനെറ ചട്ടങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം എല്ലാ മേഖലയിലും പ്രവര്‍ത്തനം.


മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. ശാരീരിക അകലം പാലിക്കാന്‍ പ്രായാസമായ ബാര്‍ബര്‍ ഷോപ്പുകള്‍, ജിം, സിനിമ, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ വിലക്ക് തുടരും. അമ്പതിലേറെ പേര്‍ കൂടുന്ന ഒരു പരിപാടികളും അനുവദിക്കില്ല. ഉംറ തീര്‍ഥാടനും അന്താരാഷ്ട്ര വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.  ജൂണ്‍ 21 മുതല്‍ കര്‍ഫ്യൂ പൂര്‍ണമായും നീക്കുകയും മക്ക പള്ളിയിലെ പ്രാര്‍ത്ഥന അനുവദിക്കുകയും ചെയ്യും.


ദുബായില്‍ ബുധനാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. രാവിലെ ആറ് മുതല്‍ രാത്രി 11 വരെ സഞ്ചാരനിയന്ത്രണമില്ല. പുറത്തിറങ്ങാന്‍ മാസ്‌കും, ഗ്ലൗസും നിര്‍ബന്ധമാണ്. സ്‌പോര്‍ട്‌സ് അക്കാദമികള്‍, ഇന്‍ഡോര്‍ ജിമ്മുകള്‍, സ്‌പോര്‍ട്‌സ്, ഫിറ്റ്‌നെസ് ക്ലബ്ബുകള്‍ എന്നിവക്ക് തുറക്കാം. 50 ശതമാനം ആളെ പാടുള്ളൂ. ചെറുകിട, വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാം. സാമൂഹിക അകലം പാലിച്ചാകും എല്ലായിടത്തും പ്രവര്‍ത്തനം. 12 വയസ്സിന് താഴെയുള്ളവര്‍ക്കും 60 വയസ്സിനു മുകളിലുള്ള വര്‍ക്കും ഷോപ്പിംഗ് സെന്ററുകള്‍, സിനിമാശാലകള്‍, ജിമ്മുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top