31 October Thursday

പ്രളയത്തിൽ വിറങ്ങലിച്ച് സ്പെയിൻ: നൂറോളം പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

Photo: PTI

മഡ്രിഡ് > മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയദുരന്തത്തിൽ വിറങ്ങലിച്ച് സ്പെയിൻ. മിന്നൽ പ്രളയത്തിൽ നൂറോളം പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വലൻസിയ, ചിവ മേഖലകളിൽ പെയ്ത കനത്ത മഴയാണ് മിന്നൽ പ്രളയത്തിനിടയാക്കിയത്. ഒരു വർഷം പെയ്യേണ്ട മഴ എട്ട് മണിക്കൂറു കൊണ്ട് നിർത്താതെ പെയ്യുകയായിരുന്നു.

കിഴക്കൻ, തെക്കൻ സ്പെയിനിലും രാജ്യത്തിന്റെ മധ്യഭാഗങ്ങളിലുമാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. പ്രളയബാധിത മേഖലകളിൽ റോഡുകളും പാലങ്ങളും ആശയവിനിമയ സൗകര്യങ്ങളും തകർന്നു. പല പ്രദേശങ്ങളും പൂർണമായി മുങ്ങിയനിലയിലാണ്. വൈദ്യുതിയും സംവിധാനങ്ങളടക്കം പ്രവർത്തനം നിലച്ചതോടെ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. വെള്ളമിറങ്ങിയ പ്രദേശങ്ങളിൽ ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞു കൂടിക്കിടക്കുന്നു. പലയിടത്തും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്ന് അധികൃതർ പറഞ്ഞു. ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുകയാണ്.

Photo: PTI

Photo: PTI

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് വലൻസിയയിലാണ്. വലൻസിയയിൽനിന്ന് പ്രധാനനഗരങ്ങളായ മഡ്രിഡിലേക്കും ബാഴ്സലോനയിലേക്കുമുള്ള ട്രെയിൻ സർവീസുകൾ നിർത്തി. ദുരന്തനിവാരണ അതോറിറ്റി കൃത്യമായ മുന്നറിയിപ്പ് നൽകാതിരുന്നത് ആളുകളെ ഒഴിപ്പിക്കുന്നതിന് തിരിച്ചടിയായെന്ന് ആരോപണമുണ്ട്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മെഡിറ്ററേനിയൻ കടലിൽ ചൂടുകൂടുന്നതാണ് പെരുമഴയ്ക്കു കാരണമെന്നാണു വിദഗ്ധരുടെ അഭിപ്രായം. 1973ലുണ്ടായ പ്രളയമാണ് ഇതിന് മുൻപ് സ്പെയിനിൽ ഇത്രത്തോളം നാശം വിതച്ചത്. അന്ന് 150 പേർ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top