ഐക്യരാഷ്‌ട്ര കേന്ദ്രം> അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച പശ്ചിമേഷ്യ ‘സമാധാന’പദ്ധതിക്കെതിരെ പലസ്‌തീൻ ഐക്യരാഷ്‌ട്ര സംഘടനാ രക്ഷാസമിതിയെ സമീപിക്കും. അമേരിക്ക ഒഴികെയുള്ള പ്രധാന രക്ഷാസമിതി അംഗങ്ങളുമായി ആലോചിച്ച് കരട് പ്രമേയം സമർപ്പിക്കാനാണ് ആലോചന. രണ്ടാഴ്‌ചയ്‌ക്കകം പ്രസിഡന്റ് മഹ്‌മുദ് അബ്ബാസ് രക്ഷാസമിതിയെ അഭിസംബോധന ചെയ്യാൻ ഐക്യരാഷ്‌ട്ര സംഘടനാ ആസ്ഥാനത്ത് എത്തുമെന്ന് യുഎന്നിലെ പലസ്‌തീൻ സ്ഥാനപതി റിയാദ് മൻസൂർ അറിയിച്ചു.
ട്രംപ് പദ്ധതിക്കെതിരെ ലോക രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി അബ്ബാസ് ശനിയാഴ്‌ച കെയ്‌റോയിൽ അറബ്‌ലീഗ് യോഗത്തിൽ പങ്കെടുക്കും. ഫെബ്രുവരി ആദ്യവാരം ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയിലും പങ്കെടുക്കുന്ന അബ്ബാസ് യൂറോപ്യൻ യൂണിയൻ നേതാക്കളുമായും കൂടിക്കാഴ്‌ച നടത്തിയേക്കും. പലസ്‌തീനിലെ എല്ലാവിഭാഗവും തള്ളിയ പദ്ധതിക്കെതിരെ മേഖലയിൽ വിവിധ രാജ്യങ്ങളിലായി കഴിയുന്ന 50 ലക്ഷത്തിൽപ്പരം പലസ്‌തീൻ അഭയാർഥികളിലും പ്രതിഷേധം ശക്തമാണ്.
ജെറുസലേമും വെസ്‌റ്റ്‌ബാങ്കിലെ അനധികൃത ജൂതകുടിയേറ്റങ്ങളും ഇസ്രയേലിനു നൽകാനുള്ള പദ്ധതി ഗൂഢാലോചനയാണെന്ന് കുറ്റപ്പെടുത്തുന്ന പലസ്‌തീൻകാർ ഇതിനു കൂട്ടുനിന്ന അറബ് രാജ്യങ്ങളോടും രോഷം പ്രകടിപ്പിച്ചു. ഒമാൻ, യുഎഇ, ബഹ്‌റൈൻ എന്നിവയുടെ സ്ഥാനപതിമാരുടെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പലസ്‌തീന്റെ മോചനത്തിന് വീണ്ടും ആയുധമെടുക്കണമെന്ന് ചില അഭയാർഥികൾ പ്രതികരിച്ചു.
ഇതേസമയം, ട്രംപ് പദ്ധതിക്ക് പിന്തുണ തേടി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ലോക നേതാക്കളെ കാണുകയാണ്. അമേരിക്കയിൽനിന്ന് മോസ്‌കോയിൽ എത്തിയ നെതന്യാഹു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്‌ച നടത്തി. മയക്കുമരുന്ന് കടത്തുകേസിൽ ഏപ്രിലിൽ അറസ്‌റ്റിലായി അമേരിക്കൻ ഇസ്രയേലുകാരി നാമ ഇസാച്ചറിന് (19) നെതന്യാഹു എത്തുന്നതിന് തൊട്ടുമുമ്പ് പുടിൻ മാപ്പുനൽകി മോചിപ്പിച്ചു. ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്കുള്ള യാത്രയ്‌ക്കിടെ മോസ്‌കോ വിമാനത്താവളത്തിൽ പിടിയിലായ നാമയ്‌ക്ക് ഏഴരവർഷം തടവുശിക്ഷ വിധിച്ചിരുന്നു. നാമ നെതന്യാഹുവിനും ഭാര്യക്കുമൊപ്പം ഇസ്രയേലിലേക്ക് മടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..