വാഷിങ്‌ടൺ
അധികാരം ഏറ്റെടുത്താലുടൻ ചൈനയുമായുള്ള വ്യാപാരയുദ്ധം കടുപ്പിക്കുമെന്ന സൂചനയുമായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അധിക ചുങ്കം ഈടാക്കുമെന്നാണ് പ്രഖ്യാപനം. കാനഡ, മെക്സിക്കോ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ളവയ്ക്ക് 10 ശതമാനവുമാകും അധിക ചുങ്കം. അനധികൃതമായി ലഹരിവസതുക്കളും കുടിയേറ്റക്കാരും അമേരിക്കയിൽ പ്രവേശിക്കുന്നത് തടയാനാണ് നടപടിയെന്നും ട്രംപ് വാദിച്ചു. എന്നാൽ, അനാവശ്യമായ വ്യാപാരയുദ്ധം ആർക്കും ഗുണം ചെയ്യില്ലെന്ന് ചൈന മുന്നറിയിപ്പ് നൽകി. മൂന്നു രാജ്യങ്ങളിൽനിന്നുമുള്ള വസ്തുക്കൾക്ക് അധിക ചുങ്കം ഏർപ്പെടുത്തുന്ന എക്സിക്യുട്ടീവ് ഉത്തരവിൽ അധികാരമേറ്റ ഉടൻ ഒപ്പിടുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കയിൽനിന്നുള്ള വസ്തുക്കൾക്ക് സ്വന്തം നിലയിൽ ചുങ്കം ചുമത്താൻ മെക്സിക്കോയും തീരുമാനിച്ചിട്ടുണ്ട്.
സുപ്രധാന പദവിയിൽ ഇന്ത്യൻ വംശജനെ
നിയമിക്കാൻ ട്രംപ്
അമേരിക്കയുടെ കേന്ദ്ര അന്വേഷണ ഏജൻസിയായ എഫ്‌ബിഐയുടെയോ നീതിന്യായ വകുപ്പിന്റെയോ തലവനായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ വംശജനായ കശ്യപ് പട്ടേലിനെ നിയമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. പ്രധാന സ്ഥാപനങ്ങളിൽ തന്റെ വിശ്വസ്തരെ നിയമിക്കാനുള്ള ട്രംപിന്റെ നീക്കത്തിന്റെ ഭാഗമായാണ് കശ്യപിന്റെ പേരുംകേൾക്കുന്നത്. ഗുജറാത്തിൽ വേരുകളുള്ള കശ്യപ് ഒന്നാം ട്രംപ് സർക്കാരിൽ പ്രതിരോധം, രഹസ്യാന്വേഷണം തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അദാനിക്കെതിരായ കേസ് ;ട്രംപ് അധികാരമേറ്റശേഷം പിൻവലിച്ചേക്കുമെന്ന്
കോർപറേറ്റ് ഭീമൻ ഗൗതം അദാനിക്കെതിരായന്ന കേസ് ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റശേഷം പിൻവലിക്കാൻ സാധ്യതയെന്ന് അഭിഭാഷകൻ. ചുമത്തപ്പെട്ട കുറ്റങ്ങളിൽ അപാകമുള്ളതായി കണ്ടെത്തിയാൽ കേസ് പിൻവലിച്ചേക്കാമെന്ന് ഇന്ത്യൻ–- അമേരിക്കൻ അറ്റോർണിയായ രവി ബത്ര പറഞ്ഞു. പ്രസിഡന്റുമാർ അവരുടേതായ പുതിയ ടീമുമായാണ് എത്തുക. അവർക്ക് വിശ്വാസയോഗ്യമല്ലെന്ന് തോന്നിയാൽ ഏത് പ്രോസിക്യൂഷനെയും നിഷ്‌ക്രിയമാക്കാൻ അധികാരമുണ്ടെന്നും പറഞ്ഞു. അദാനിക്ക് ഇക്കാര്യം പുതിയ നേതൃത്വത്തോട് ഉന്നയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സൗരോർജ വൈദ്യുതി വിൽപ്പന കരാർ നേടിയെടുക്കാൻ ഇന്ത്യയിൽ 2029 കോടി രൂപയുടെ കോഴയിടപാട് നടത്തിയതിലാണ് അദാനിക്കെതിരെ ന്യൂയോർക്കിൽ കുറ്റപത്രം സമര്‍പ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..