മനാമ
ഇസ്രയേലുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അവരുടെ ഏതൊരു തുടർനടപടികളോടും ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യൻ. ഖത്തർ സന്ദർശനത്തിനിടെ വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയിരുന്നു ഇറാൻ പ്രസിഡന്റ്. ഇസ്രായേലിലേക്ക് ഇറാൻ 180 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് ഖത്തർ സന്ദർശനം.
‘ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. എന്നാൽ അവർ വിയോജിക്കുകയാണെങ്കിൽ സമാധാനം സ്ഥാപിക്കപ്പെടില്ല. ഇറാന്റെയും മേഖലയുടെയും സമാധാനവും സുരക്ഷയും ലക്ഷ്യമിട്ട് ശക്തമായി പ്രതികരിക്കും’–- ഇറാൻ പ്രസിഡന്റ് പറഞ്ഞു. ഇസ്രയേലിലെ സയണിസ്റ്റ് സർക്കാർ അതിന്റെ കുറ്റകൃത്യങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, കടുത്ത പ്രതികരണങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്‌ച നടത്തിയ ഇറാൻ പ്രസിഡന്റ് ദോഹയിൽ സംയുക്ത വാർത്താസമ്മേളനവും നടത്തി. ലബനനും ഗാസ മുനമ്പിനുമെതിരായ ഇസ്രയേലിന്റെ ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.
പ്രദേശത്തെ കൂടുതൽ അസ്ഥിരപ്പെടുത്തുന്നത് ഒഴിവാക്കാൻ ഇസ്രയേലിന്മേൽ സമ്മർദം ചെലുത്താൻ പെസെഷ്‌ക്യൻ അമേരിക്കയോടും യൂറോപ്യൻ രാജ്യങ്ങളോടും അഭ്യര്‍ഥിച്ചു. ദോഹയിൽ ഹമാസ് നേതാക്കളുമായും സൗദി വിദേശമന്ത്രി ഫൈസൽ ബിൻ ഫർഹാനുമായും പെസെഷ്‌ക്യൻ കൂടിക്കാഴ്ച നടത്തി.
ദോഹയിൽ നടക്കുന്ന ഏഷ്യ കോ-ഓപ്പറേഷൻ ഡയലോഗ് ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്റ് പങ്കെടുക്കും.
നസറള്ളയുടെ
മരുമകനും കൊല്ലപ്പെട്ടതായി
റിപ്പോർട്ട്
ലബനൻ സായുധസംഘം ഹിസ്‌ബുള്ളയുടെ മേധാവി ഹസൻ നസറള്ള കൊലചെയ്യപ്പെട്ടതിനു പിന്നാലെ നസറള്ളയുടെ മരുമകൻ ഹസ്സൻ ജാഫർ അൽ ഖാസിറും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബുധനാഴ്ച ദമാസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ദമാസ്‌കസിലെ മാസെ ജില്ലയിൽ ഒരു അപ്പാർട്ട്‌മെന്റിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസ്സൻ ജാഫർ അൽ ഖാസിർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സാണ് അറിയിച്ചത്. സംഘർഷം സിറിയയിലേക്കുകൂടി വ്യാപിപ്പിക്കുന്നതാണ് ആക്രമണം.
ഗാസ കൂട്ടക്കൊലയ്ക്ക് അറുതിയില്ല
ഗാസയിലെ കൂട്ടക്കൊലകൾ തുടർന്ന് ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 90 പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. 169 പേർക്ക് പരിക്കേറ്റു. ഒക്‌ടോബർ ഏഴ് മുതൽ 41,788 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ഹമാസ് സർക്കാരിന്റെ തലവനെയും വധിച്ചെന്ന് ഇസ്രയേൽ
ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹ ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കളെ വധിച്ചെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ. മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തിലാണ് മൂവരെയും ഇല്ലാതാക്കിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയും (ഐഡിഎഫ്) ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റിയും (ഐഎസ്എ)യും അറിയിച്ചു. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലും ലേബര്‍ കമ്മിറ്റിയിലും സുരക്ഷാചുമതല വഹിച്ചിരുന്ന സമേഹ് അല്‍-സിറാജ്, ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി കമാന്‍ഡര്‍ സമേഹ് ഔദെഹ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍.
വടക്കന്‍ ഗാസ മുനമ്പിൽ മുഷ്താഹയുടെ നേതൃത്വത്തിലുള്ള ഹമാസ് ഭൂഗര്‍ഭകേന്ദ്രത്തിലേക്ക് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മൂവരും കൊല്ലപ്പെട്ടത്. എന്നാൽ വിവരം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ചുക്കാൻ പിടിച്ച യഹ്യ സിൻവറിന്റെ അടുത്ത അനുയായിയാണ് റൗഹി മുഷ്താഹയെന്നും ഒക്‌ടോബർ ഏഴിലെ ആക്രമണത്തിൽ മുഷ്‌താഹയും പങ്കെടുത്തിരുന്നതായുമാണ് ഇസ്രയേൽ ആരോപിക്കുന്നത്.
ഹമാസ് മേധാവി ഇസ്‌മയിൽ ഹനിയ, ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണ സൂത്രധാരനെന്ന് കരുതുന്ന മുഹമ്മദ് ദായിഫ്, ഹിസ്‌ബുള്ള മേധാവി ഹസ്സൻ നസറള്ള, ഉപമേധാവി നബീൽ കൗക്ക്, ഹിസ്‌ബുള്ള ഓപറേഷൻസ് കമാൻഡർ ഇബ്രാഹിം ആക്വിൽ, റോക്കറ്റ് വിഭാഗം കമാൻഡർ ഇബ്രാഹിം ഖുബൈസി തുടങ്ങിയവർ നേരത്തെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..