03 November Sunday

"വോക് മൈൻഡ് വൈറസ് ' മകനെ കൊന്നു: ഇലോൺ മസ്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ന്യൂയോർക്ക് > ട്രാൻസ്ജെൻഡറുകൾക്കും പുരോ​ഗമനവാദികൾക്കുമെതിരെ വിദ്വേഷ പരാമർശവുമായി ടെസ്‍ല സിഇഒ ഇലോൺ മസ്ക്. 'വോക് മൈൻഡ് വൈറസ്' തന്റെ മകനെ കൊന്നുവെന്നും അതിനെ ഇല്ലാതാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും മസ്ക് പറഞ്ഞു. ലിബറൽ പ്രത്യയശാസ്ത്രങ്ങൾ, ലിം​ഗ, സാമൂഹികനീതി, സ്വത്വരാഷ്ട്രീയം എന്നിവയെ വിമർശിക്കാനായി സങ്കുചിത ചിന്താഗതിക്കാർ ഉപയോഗിക്കുന്ന പ്രയോഗമാണ് 'വോക് മൈൻഡ് വൈറസ്' അധവാ മനസിനെ ഉണർത്തുന്ന വൈറസ്.

2021ൽ ഇലോൺ മസ്‌കിന്റെ മകൻ താൻ ഒരു സ്ത്രീ ആണെന്ന് പ്രഖ്യാപിക്കുകയും സേവ്യർ എന്ന പേര് വിവിയൻ എന്നാക്കുകയും ചെയ്തിരുന്നു. തന്റെ പേരിനൊപ്പമുള്ള പിതാവ് മസ്‌കിന്റെ പേര് മാറ്റി അമ്മയും കനേഡിയൻ എഴുത്തുകാരിയുമായ ജസ്റ്റിൻ വിൽസണിന്റെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. ജസ്റ്റിൻ വിൽസണും ഇലോൺ മസ്‌കും വിവാഹ മോചിതരാണ്. പിതാവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്നും അദ്ദേഹത്തിൽ നിന്നുണ്ടായ രൂപത്തിലടക്കം മാറ്റം വരുത്തുന്നുവെന്നുമായിരുന്നു അന്ന് വിവിയൻ പറഞ്ഞത്. വിവിയൻ ജെന്ന വിൽസൺ എന്ന പേരിലാണ് ഇരുപതുകാരി ഇപ്പോൾ ജീവിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നടക്കം കിട്ടുന്ന പുരോഗമന ചിന്തകളും കമ്യൂണിസ്റ്റ് ആശയങ്ങളുമാണ് തന്റെ കുട്ടിയെ പരിവർത്തനത്തിലേക്ക് നയിച്ചതെന്നാണ് തിങ്കളാഴ്ച ഡെയ്ലിവയറിന് നൽകിയ അഭിമുഖത്തിൽ മസ്‌ക് ആരോപിച്ചത്. ട്രാൻസ്ജൻഡറുകൾക്കും പുരോഗമന ചിന്തകൾക്കുമെതിരെ കടുത്ത പരാമർശങ്ങളും അഭിമുഖത്തിൽ മസ്‌ക് നടത്തി. മകന്റെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടികൾ അംഗീകരിക്കുന്നതിൽ താൻ കബളിപ്പിക്കപ്പെട്ടു. രേഖകളിൽ ഒപ്പിടാൻ നിർബന്ധിതനാകുകയായിരുന്നു. അല്ലാത്തപക്ഷം കുട്ടി മരിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇത്തരം പരിവർത്തനങ്ങൾ കുട്ടികളെ വികലമാക്കുകയും വന്ധ്യംകരിക്കുകയും ചെയ്യുമെന്നും അഭിമുഖത്തിൽ മസ്‌ക് പറഞ്ഞു. കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കാലാകാലങ്ങളിൽ ഇത്തരം ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. പ്രായപൂർത്തിയാകുന്നതിനു മുൻപാണ് മിക്ക കുട്ടികളും ഇതിലേക്ക് ആകർഷിക്കപ്പെടുന്നത്. ഇതിനായി പ്രേരിപ്പിക്കുന്നവരെയും വാദിക്കുന്നവരെ ജയിലലടക്കണമെന്നും മസ്‌ക് പറഞ്ഞു.

നിരവധി തവണ ട്രാൻസ്ജൻഡർ വിഭാഗത്തിനും ലിംഗനീതിക്കുമെതിരെ പ്രസ്താവനകൾ നടത്തിയിട്ടുള്ള ആളാണ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോം എക്‌സിന്റെ സിഇഒ കൂടിയായ ഇലോൺ മസ്‌ക്. ട്രാൻസ്ജെൻഡർ അവകാശങ്ങളും കുടിയേറ്റവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബൈഡൻ ഭരണകൂടത്തിന്റെയും ഡെമോക്രാറ്റുകളുടെയും നിലപാടുകളെ  വിമർശിച്ച് പലതണ രംഗത്ത് വന്നിട്ടുണ്ട്. കുട്ടികൾ ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി കാണിച്ചാൽ രക്ഷകർത്താക്കളെ അറിയിക്കുന്നതിൽ നിന്ന് സ്‌കൂൾ ജീവനക്കാരെ വിലക്കുന്ന ബില്ലിൽ കാലിഫോർണിയ ഗവർണർ ഒപ്പിട്ടതിന്റെ പേരിൽ തന്റെ കമ്പനികളുടെ ആസ്ഥാനം ടെക്‌സസിലേക്ക് മാറ്റുന്നതായി അടുത്തിടെ മസ്‌ക് പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top