08 September Sunday

എത്യോപ്യയിൽ മണ്ണിടിച്ചിൽ; 150ഓളം പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ആഡിസ് അബബ  > തെക്കൻ എത്യോപ്യയിലുണ്ടായ രണ്ട് മണ്ണിടിച്ചിലിൽ 150ഓളം പേർ മരിച്ചതായി റിപ്പോർട്ട്. എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. തെക്കൻ എത്യോപ്യയുടെ പർവതപ്രദേശമായ ഗോഫയിലാണ് സംഭവം. കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. പിന്നീട് ഇവിടെ ഓടിക്കൂടിയ ആളുകളുടെ മേൽ വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.

രണ്ട് ഗ്രാമങ്ങളിൽ നിന്നുമായി 157 മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തിട്ടുണ്ടെന്നാണ് ഗോഫയിലെ ദേശീയ ദുരന്തനിവാരണ ഏജൻസിയുടെ സോണൽ മേധാവി മാർക്കോസ് മെലെസെ റിപ്പോർട്ട് ചെയ്തത്.

“തുടക്കത്തിൽ മൂന്ന് കുടുംബങ്ങളാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്. മൃതദേഹങ്ങൾക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. എന്നാൽ രക്ഷാപ്രവർത്തനത്തിനെത്തിയവരും കുടുങ്ങിയതോടെ മരണസംഖ്യ ഉയർന്നു.” ജില്ലാ ഭരണാധികാരി മിസികിർ മിറ്റികു പറഞ്ഞു.

ന​ഗ്നമായ കൈകളുപയോ​ഗിച്ചാണ് പ്രദേശവാസികൾ മണ്ണ് മാറ്റുന്നത്. പ്രവർത്തനങ്ങളിൽ ഇവരെ സഹായിക്കാൻ മണ്ണ് നീക്കുന്ന യന്ത്രങ്ങൾ ആവശ്യമാണെന്നും മിറ്റിക്കു പറഞ്ഞു.

തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ (199 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സതേൺ നേഷൻസ്, നാഷണാലിറ്റിസ് ആൻഡ് പീപ്പിൾസ് റീജിയൺ (എസ്എൻഎൻപിആർ) എന്നറിയപ്പെടുന്ന സംസ്ഥാനത്തിൻ്റെ ഭാഗമാണ് ഗോഫ.

തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സതേൺ നേഷൻസ്, നാഷണാലിറ്റിസ് ആൻഡ് പീപ്പിൾസ് റീജിയൺ (എസ്എൻഎൻപിആർ) എന്നറിയപ്പെടുന്ന സംസ്ഥാനത്തിൻ്റെ ഭാഗമാണ് ഗോഫ.

ആദ്യ മണ്ണിടിച്ചിലിന് ഏതാനും മിനിറ്റുകൾക്ക് ശേഷം രണ്ടാമത്തെ മണ്ണിടിച്ചിൽ സംഭവിച്ചതായി പാർലമെന്റേറിയൻ കെമാൽ ഹാഷി മുഹമ്മദ് പറഞ്ഞു. “ആളുകളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്” അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top