ധാക്ക
ബംഗ്ലാദേശിൽ ഷെയ്‌ഖ് ഹസീന സർക്കാരിനെ വീഴ്‌ത്തിയ പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഇടപെടൽ ഉണ്ടായെന്ന ചർച്ചകളും സജീവമാകുന്നു. ഭരണകക്ഷിയായ അവാമി ലീഗിന് അനുകൂലമായ സംവരണ നയത്തിനെതിരെ തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭം, ആവശ്യങ്ങൾ നിറവേറ്റപ്പെട്ടശേഷം പ്രതിപക്ഷ താൽപ്പര്യം പ്രതിഫലിപ്പിക്കുംവിധം പൊടുന്നനെ രൂപാന്തരപ്പെടുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഷെയ്‌ഖ് ഹസീനയുടെ മുൻ പരാമർശം വീണ്ടും ചർച്ചയാകുന്നു.
ജനുവരിയിൽ ശക്തമായ പ്രതിപക്ഷ കലാപത്തിനിടെയാണ് ഹസീന തെരഞ്ഞെടുപ്പിലൂടെ നാലാമതും തുടർച്ചയായി അധികാരത്തിൽ എത്തിയത്. ‘രാജ്യത്ത് വ്യോമതാവളം നിർമിക്കാൻ അനുവദിച്ചാൽ സംഘർഷമില്ലാത്ത തെരഞ്ഞെടുപ്പും വിജയവും ഉറപ്പാക്കാമെന്ന് വെള്ളക്കാരനായ നേതാവ് വാഗ്‌ദാനം ചെയ്തു’ എന്നാണ് ആ ഘട്ടത്തില്‍ ഹസീന വെളിപ്പെടുത്തിയത്. ഏത് രാജ്യമാണ് വാഗ്‌ദാനം നൽകിയതെന്ന് അവര്‍ വ്യക്തമാക്കിയില്ല. എന്നാല്‍, ഹസീനയുടെ ഉറച്ച നിലപാടിനെ അഭിനന്ദിച്ച് പിന്നാലെ ചൈന രംഗത്തുവന്നു.
ഷെയ്‌ഖ് ഹസീനയുടെ നാലാം തെരഞ്ഞെടുപ്പ് വിജയം സുതാര്യമല്ലെന്നായിരുന്നു അമേരിക്കയുടെ നിലപാട്. ചൈന, ബംഗ്ലാദേശ് ബന്ധം ശക്തമാകുന്നതില്‍ അമേരിക്ക കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. ഹസീനയെ ശക്തമായി എതിര്‍ക്കുന്ന ജമാത്തെ ഇസ്ലാമിയുമായി അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ ജനുവരിയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചര്‍ച്ച നടത്തിയിരുന്നു.
ഏകാധിപത്യ പ്രവണതകൾ പ്രകടിപ്പിക്കുമ്പോൾത്തന്നെ, ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിൽ ഉറച്ച നിലപാടുള്ള നേതാവായിരുന്നു ഷെയ്‌ഖ് ഹസീനയെന്ന് രാഷ്ടീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..