ജറുസലേം > ഗസയിൽ ഇസ്രയേൽ ചെയ്‌തത് യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവുമെന്ന് ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി മോഷെ യാലോൺ. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തീവ്ര വലതുപക്ഷക്കാരും ചേർന്ന് വടക്കൻ ഗാസയിൽ നിന്ന് പലസ്തീനികളെ തുരത്താൻ നോക്കുകയാണെന്നും അവിടെ ജൂത വാസസ്ഥലങ്ങൾ പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും മോഷെ യാലോൺ ഇസ്രയേൽ മാധ്യമങ്ങളോട് പറഞ്ഞു.
2013 -–-16 കാലയളവിൽ നെതന്യാഹുവിന് കീഴിൽ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചയാളാണ് മോഷെ യാലോൺ. അന്നുമുതൽ നെതന്യാഹുവിന്റെ കടുത്ത വിമർശകനായിരുന്നു യാലോൺ.
ഗാസ സംഘർഷത്തിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മേധാവി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) കഴിഞ്ഞ മാസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒരു വർഷത്തിലധികമായി ഗാസയിൽ ഇസ്രയേൽ നടത്തിവരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്.
സ്‌ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുക, ഗാസ നിവാസികൾക്ക് ഭക്ഷണം എത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചൻ പ്രവർത്തകരെ ബോംബിട്ട് കൊല്ലുക തുടങ്ങി നിരവധി യുദ്ധക്കുറ്റങ്ങളാണ് ഇസ്രയേൽ നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..